Thursday, September 2, 2010

..ഓർമ്മയിൽ ഒടുങ്ങുന്ന ഞാവൽ മരങ്ങൾ..

ദൃശ്യങ്ങളും ശബ്ദങ്ങളുമായി മാത്രം മനസ്സിൽ ഇന്നും തങ്ങി നിൽക്കുന്ന ഗ്രാമത്തിലേക്ക് ബൈക്കോടിക്കവെ റഷീദ് പറഞ്ഞു..
എടാ ഇവിടം ഒരുപാടു മാറി..ഇപ്പോൾ നിനക്കറിയുന്ന ആരെങ്കിലും ഇവിടെ ഉണ്ടോ എന്ന് സംശയമാണ്“.
നാട്ടിൻപുറത്തെ പതിയെ പതിയെ ഗ്രസിച്ചു തുടങ്ങുന്ന നഗരത്തിന്റെ ആർഭാടങ്ങളിലേക്ക്,കോൺക്രീറ്റ് കെട്ടിടങ്ങളിലേക്ക് നോക്കിയിരിക്കെ അവൻ വീണ്ടും സംസാരിച്ചു..
പണ്ട് ഇവിടം വരെയായിരുന്നു..ചെമ്മണു വിരിച്ചിരുന്നത്..ഇവിടന്നങ്ങോട്ട് വരമ്പായിരുന്നു..നമ്മൾ കളിച്ചിരുന്ന ഞാവൽക്കാടും,ഒറ്റ പനയും ഒന്നും ഇന്നില്ല..അവിടെയൊക്കെ വീടു വന്നു“…


മഴ തകർത്തു പെയ്തിരുന്ന ചില സന്ധ്യകളിൽ ഞാവൽ മരം കാത്തിരിക്കുമായിരുന്നു,മഴ തോരുമ്പോൾ സ്വയം പെയ്തു തുടങ്ങാനായി….ഞാവൽ പഴങ്ങളും, അവസാനിക്കാത്ത ജല കണങ്ങളുമായി മരം പിന്നെ മറ്റൊരു മഴയാകും..

ചുണ്ടും നാക്കും കറുപ്പിച്ചിരുന്ന ഞാവൽ പഴങ്ങൾ തേടി അന്നത്തെ കൂട്ടുകാരുടെ കാൽചുവടുകൾക്കു പിന്നാലെ അലസമായി അലഞ്ഞത് ഓർത്തു പോയി..

Rhythm is originally the rhythm of the feet” എന്ന് എലിയാസ് കാനെറ്റി ആൾക്കൂട്ടത്തിന്റെ താളത്തെ കുറിച്ച് പറഞ്ഞത് വായിക്കുമ്പോൾ ആദ്യം ഓർത്തു പോയതു ഈ ഞാവൽ മരത്തെ കുറിച്ചാണ്..
നിഷ്കളങ്കമായ പാദ മുദ്രകൾ ഞാവൽ മരത്തെ എത്ര തവണ വലം വെച്ചിരിക്കണം.. .ഒരിടത്ത് ആരംഭിച്ച് അവിടെ തന്നെ അവസാനിക്കുന്ന നിരർത്ഥകമായ ഹ്രസ്വ യാത്രകൾ…
എല്ലാ യാത്രകളും മടങ്ങി വരാൻ വേണ്ടിയായിരുന്നുവെന്ന് അന്ന് പഠിക്കുകയായിരുന്നോ?

പണ്ട് വരമ്പ് തിരിഞ്ഞ് ഇടവഴിയിലേക്ക് കടന്നിരുന്ന സ്ഥലത്ത് നിന്നിരുന്ന പരിചിതമായിരുന്ന വീടും തൊടിയും രൂപം മാറിയിരിക്കുന്നു..
എന്റെ അത്ഭുതം കണ്ടാവണം റഷീദ് പറഞ്ഞു..
എടാ ഇവിടെയായിരുന്നു നമ്മുടെ പാക്കരേട്ടന്റെ വീട്

പാക്കരേട്ടന്റെ വീട് കഴിഞ്ഞ കൊല്ലാ പൊളിച്ചത്..ഇപ്പോ ഇവിടെ പുതിയ ആളുകളാ..

പാക്കരേട്ടൻ എന്ന “ഭാസ്കരൻ” ആ ഗ്രാമത്തിലെ ആദ്യ കാല ബിരുദധാരികളിലൊരാളായിരുന്നു.ഗണിത ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ പാക്കരേട്ടൻ എവിടെയോ ഉയർന്ന ജോലിക്ക് ചേർന്നുവത്രെ..പരിക്ഷ്ക്കാരിയായ പാക്കരേട്ടൻ നടന്നു പോകുന്നത് അന്ന് കണ്മഷി പുരണ്ട ചില കണ്ണുകൾ നിശബ്ദമായ പ്രണയത്തോടെയും,മറ്റ് ചിലവ അസൂയയോടെയും,ഇനിയും ചിലത് ആദരവോടെയും നോക്കി നിന്നിരുന്നു..

പക്ഷെ ഒരു ദിനം പാക്കരേട്ടൻ എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ട് മടങ്ങി വന്നു.പിന്നെ ദിവസങ്ങളോളം വീടിനു പുറത്തിറങ്ങിയില്ല..
ഗ്രാമം പല കഥ പറഞ്ഞു..
ആവൂ… നമ്മടെ ഭാസ്ക്കരനെ കമ്പനിയിലെ ആരോ പറ്റിച്ചൂത്രെ..അതിന്റെ വിഷമാ”
“ഏയ് ഇതതൊന്ന്വല്ല ഏടത്ത്യേ…ഭഗവതിക്ക് ചിലതൊന്നും അങ്ങട് പിടിച്ചിട്ടില്ലാ.. ഞാൻ അന്നേ പറഞ്ഞില്ല്യെ?..”
“ഭാസ്ക്കരേട്ടൻ സ്നേഹിച്ച പെണ്ണ് അയാളെ ചതിച്ചുന്നാ കേട്ടത്”.
.
എന്തായാലും പാക്കരേട്ടൻ നഷ്ടപ്പെടാൻ മാത്രമായി ആരെയോ തീവ്രമായി പ്രണയിച്ചിരുന്നുവെന്ന് പിന്നീട് അറിഞ്ഞിരുന്നു

എന്തായാലും പാക്കരേട്ടന്റെ ജീവിതത്തിന്റെ കണക്കുകൾ അവിടന്നങ്ങോട്ട് ആകെ തെറ്റുകയായിരുന്നു..ഗുണനം തെറ്റിയ ക്രിയ പോലെ പാക്കരേട്ടൻ ഗ്രാമത്തിലൂടെ നടന്നു.തനിക്ക് മാത്രമറിയുന്ന ഗണിത സൂത്രവാക്യങ്ങളുമായി മരങ്ങൾക്കും,കുള കടവിലെ അലക്ക് കല്ലുകൾക്കും അറിവു പകർന്ന് കൊടുത്തു..ചിലപ്പോൾ വരുന്ന സിനിമാ നോട്ടിസുകൾക്ക് പിന്നാലെ പോയി…
ഇടയ്ക്ക് പാട്ടുകൾ പാടി ഇടവഴികളിലൂടെ നടന്നു.. ഇലക്ട്രിക് ഫാനിന്റെ ശബ്ദം ഇല്ലാതിരുന്ന അന്നത്തെ രാത്രികളിൽ പാക്കരേട്ടൻ പാടി പോകുന്നത് കേൾക്കാമായിരുന്നു..
“ഓമലാളെ കണ്ടു ഞാൻ പൂങ്കിനാവിൽ….
മറ്റ് ചിലപ്പോൾ ..”വാ വെണ്ണിലാ.. ഉന്നെ താനെ വാനം തേടിതു…”
രാത്രി ഭക്ഷണം കഴിക്കാതെ വാശി പിടിച്ചിരുന്ന കുട്ടികളോട് അമ്മമാർ പറഞ്ഞു..
മോനെ പാക്കരേട്ടൻ വരാറായി…കഴിച്ചിട്ട് പെട്ടെന്ന് ഉറങ്ങിക്കോ”.

കുറച്ച് മുതിർന്നപ്പോൾ പാക്കരേട്ടൻ വെറും പാവമാണെന്നും ആരെയും ഉപദ്രവിക്കില്ലെന്നും മനസ്സിലായി..രാത്രികളിൽ പാക്കരേട്ടന്റെ പാട്ട് കേൾക്കാനയി ഞാൻ ജനലഴികളിൽ മുഖം അമർത്തി നിൽക്കും.
ഒരു ദിനം അമ്മയുടെ കൈയും പിടിച്ച് സ്ക്കൂളിൽ നിന്ന് വീട്ടിലേക്ക് നടക്കവെ അമ്മ വാങ്ങി തന്ന ബിസ്കറ്റിന്റെ സന്തോഷത്തിൽ .. അദൃശ്യയായ എതോ അജ്ഞാത കാമുകിയോട് ഞാനും വെറുതെ പാടി.. “നീ കൂടെ പോരുന്നോ.. നീല മല പൂങ്കുയിലെ..”
ഒരു തരത്തിലും ഞാൻ കേൾക്കാൻ ഇടയില്ലാത്ത പാട്ട് പാടുന്നതു കേട്ട് അമ്മ അമ്പരന്നു..
എടാ……. നിനക്ക് ഈ പാട്ടൊക്കെ എവിടുന്ന് കിട്ടി………?”
“പാക്കരേത്തൻ ഇന്നലെ പാടി പോയതാ അമ്മേ”
“പാവം,ഓരോ മനുഷ്യരുടെ നിയോഗം!!!”

അമ്മയുടെ മുഖഭാവത്തിൽ നിന്നോ,വാക്കുകളിൽ നിന്നോ അന്നത്തെ അഞ്ച് വയസ്സുകാരന് ഒന്നും മനസ്സിലായില്ല.

പിന്നെ കൂറച്ച് കാലം പാക്കരേട്ടൻ എന്റെ പ്രായത്തിലുള്ളവരുടെ ചങ്ങാതിയായി..അതെന്നും അങ്ങനെയായിരുന്നു..
ആദ്യം പാക്കരേട്ടനെ പേടിച്ച് രാത്രി കരച്ചിൽ നിറുത്തിയവരെല്ലാം തന്നെ പിന്നെ പാക്കരേട്ടനോടൊപ്പം കളിക്കാൻ കൂടും..പിന്നെ അവർ മുതിരുമ്പോൾ വിട്ട് പോകുന്നു…ചിലർ വിഷാദത്തോടെ അല്പ നേരം നോക്കി നിൽക്കും..
പാക്കരേട്ടൻ അപ്പോഴേക്കും തന്റെ പുതിയ കൂട്ടുകാരുമായി പമ്പരം കറക്കാൻ പോയിട്ടുണ്ടാകും…

ഒരിക്കലും കൂടു പറ്റാൻ കഴിയാതിരുന്ന ഒരു കിളിയെ കുറിച്ച് ഇതിഹാസ കഥനത്തിന്റെ ഇതളുകളിൽ ഞാൻ വായിക്കുന്നത് ഒരു കാലത്തിനിപ്പുറമാണ്(*)

റഷീദിന്റെ ശബ്ദം എന്നെ ഉണർത്തി..
വീട്ടുകാർ വീടു വിറ്റ് താമസം മാറി പോയിട്ടും പാക്കരേട്ടൻ പോയില്ല..അവസാനം വീടു പൊളിഞ്ഞ് വീണ ദിവസം ഇവിടെ വന്ന് കുറെ നോക്കി നിന്നത്രേ…പിന്നെ ആരും ഇവിടെ കണ്ടിട്ടൂലാ“

ഞാൻ ഞാവൽ മരങ്ങൾ നിന്നിരുന്ന ഇടത്തേയ്ക്ക് വെറുതെ നോക്കി നിന്നു..

ഞാവൽക്കാടുകളെ നനച്ച് മഴ തുടങ്ങിയ ഒരു ദിനമാണ്.. ഞങ്ങൾ ആ ഗ്രാമം വിട്ട് പോകുന്നത്..നാട്ടിൻ പുറത്തിന്റെ ഓർമ്മകളിൽ നിന്നും നഗരത്തിന്റെ നാട്യങ്ങളിലേക്ക് അതെന്നെ പറിച്ച് നട്ടു.ഒരു മനുഷ്യനു കിട്ടാവുന്നതിൽ ഏറ്റവും നല്ല മുഖം മൂടി അവന്റെ മുഖം തന്നെയാണ് എന്ന് നഗരം പഠിപ്പിച്ചു.. മതിലുകളിൽ നിന്ന് ഉൾമതിലുകളിലേക്ക് വളരുന്ന സ്വയം സൃഷ്ടിച്ചെടുത്ത തടവറകളിലൊന്നിൽ ഒതുങ്ങുമ്പോൾ ഓർക്കാൻ ഒരു ഭൂതകാലം ഉണ്ടെന്ന് മാത്രം ഗ്രാമം ഓർമ്മിപ്പിച്ചിരുന്നു.. ഒരുപാടു നാളുകൾക്കപ്പുറം കടന്നു ചെല്ലുമ്പോൾ ഏതൊക്കെയോ മുഖങ്ങളെയും… ഭാവങ്ങളെയും അപഹരിച്ച് കാലം കടന്നു പോകുന്നതറിയുന്നു..

വീണ്ടും ആരെയൊക്കെയോ കുറിച്ച് ചോദിക്കണം എന്നുണ്ടായിരുന്നു..പക്ഷെ ഒന്നും ചോദിക്കാൻ തോന്നിയില്ല..ഓർമ്മകളിലെങ്കിലും ഈ ഗ്രാമം പഴയതു പോലെ നിന്നു കൊള്ളട്ടെ…
റഷീദെ നമ്മുക്ക് തിരിച്ച് പോകാം…നീ വണ്ടി എടുക്ക്…“

മാഞ്ഞു തുടങ്ങുന്ന ഭൂതകാലത്തിന്റെ കാല്പാടുകൾ വെറുതെ തിരയുന്ന മനുഷ്യന്റെ മുഖത്ത് നോക്കി റഷീദ് ചിരിച്ചു…


* ഖസാക്കിന്റെ ഇതിഹാസം

Sunday, August 1, 2010

മതിലുകൾ പണിയുന്നവർ

““ഗുരുവായൂരമ്പല നടയിൽ ഒരു ദിവസം ഞാൻ പോകും

ഗോപുര വാതിൽ തുറക്കും,ഞാൻ ഗോപ കുമാരനെ കാണും

ചാറ്റൽ മഴയുടെ താളം പതിയെ,പതിയെ മാഞ്ഞ് പോകുന്ന ഒരു ബസ്സു യാത്രയിൽ തീർത്തും യാദ്രശ്ശ്ചികമായാണ് ഈ പാട്ട് കേട്ടത്.ബസ്സ് ജനാലയുടെ വിദൂര ചിത്രങ്ങളിൽ അകന്ന് മറയുന്ന പാലക്കാടൻ കരിമ്പനകൾ ഈ പാട്ടിനൊപ്പം മറ്റെന്തോക്കെയോ ചിന്തിക്കാൻ പ്രേരിപ്പിച്ചു.

ആകാശവും,ഭൂമികയും കാതോർത്ത് നിൽക്കുന്ന ഗന്ധർവ്വ ഗായകന്റെ വിമ്മോഹനമായ ശബ്ദത്തിൽ ഈ ഗാനം ഒഴുകിയെത്തിയിട്ട് കാലം ഏറെയാവുന്നു.അതിനു ശേഷം ഗോപുര വാതിലുകൾ പലവട്ടം തുറന്നടഞ്ഞു..ദേവ സന്നിധിയിൽ പ്രശസ്തരും അപ്രശ്തരുമായ ഒരു പാടു മനുഷ്യർ വന്ന് മടങ്ങി പോയി.പക്ഷെ വിചിത്രം,. മലയാളിയുടെ ഇതു വരെയുള്ള ഓർമ്മകളെയും കാഴ്ചകളെയും ഏഴു സ്വരങ്ങളുടെ മായികമായ ഒരു നൂലിഴയിൽ കോർത്തെടുത്ത ഗായകനു മുന്നിൽ വാതിലുകൾ അടഞ്ഞു തന്നെ കിടക്കുന്നു.

ദശാബ്ദങ്ങളായി യേശുദാസിന്റെ ശബ്ദമത്രെ പല നിറങ്ങളുള്ള ദേവകളെയും വിളിച്ച് ഉണർത്തുന്നത്,പാതിരാവിന്റെ ഹ്രസ്വ നിദ്രകളിലേക്ക് അവർ യാത്രയാവുന്നതും ഈ സ്വരമാധുരിയിലാണ്.പക്ഷെ ദൈവങ്ങളെ എന്നെന്നേയ്ക്കുമായി സ്വന്തമാക്കാനിറങ്ങിയ ചിലർ എപ്പോഴോ മതിലുകളും വാതിലുകളും പണിത് തുടങ്ങിയിരിക്കുന്നു.മതിൽക്കെട്ടിന്നകത്തു നിന്ന് ആരും പുറത്തിറങ്ങാതെ ആരും അകത്ത് കയറാതെ അവർ സ്വയം കാവൽക്കാരുമായി മാറുന്നു. ഇപ്പോൾ അവർ ശ്രമിക്കുന്നത് വെളിച്ചത്തിന്റെ അവസാനത്തെ ജാലകങ്ങളും അടച്ചിടുവാനാണ്.

ഇവിടെ തന്നെ കാണുവാൻ വന്ന മനുഷ്യസ്നേഹികളായ പ്രജകളെ കാണാതെ ദേവനും ദു:ഖിക്കുന്നുണ്ടാകം.പക്ഷെ എന്തു ചെയ്യാം .. നമ്മുക്കിഷ്ടം എപ്പോഴും മതിലുകളും വാതിലുകളും പണിതു കൊണ്ടിരിക്കാനാണ്.

വാതിലുകളില്ലാത്ത ഒരിടത്ത് “നീ എന്നെ ഗായകനാക്കിയെന്ന് “ മാനവികതയുടെ ജീവിക്കുന്ന പ്രതീകമായ ഗായകൻ ഏറ്റ് പാടുന്നു.മനുഷ്യ നിർമ്മിതമായ മതിലുകളെ മറികടന്ന് ദേവൻ പ്രപഞ്ച സ്നേഹത്തിന്റെ വേണുഗാനവുമായി ആരുമറിയാതെ സദസ്സിനു മുൻനിരയിൽ ചെന്നിരിക്കുന്നു.ഗന്ധർവ ഗായകനെയും ദേവനെയും ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത നമ്മൾ അവർക്കിടയിൽ മതിലുകൾ പണിതു കൊണ്ടിരിക്കുന്നു.ഒരിക്കലും അവസാനിക്കാത്ത അർഥശൂന്യമായ മതിൽക്കെട്ടുകൾ............

Saturday, June 12, 2010

..വിവ അർജ്ന്റീന........

മൂന്ന് കൊല്ലം മുൻപ് ഇന്റെർ നെറ്റിലെ ഒരു ഓപ്പൺ സോഴ്സ് സോഫ് റ്റ് വെയർ ഫോറത്തിൽ വെച്ചാണ് വെച്ചാണ് മരിയ എന്ന പാതി ബ്രസീലുകാരിയായ ഓസ്ത്രേലിയൻ യൂണിവേഴ്സിറ്റി ഗവേഷകയെ പരിചയപ്പെടുന്നത്.കമ്പ്യൂട്ടര്‍ സയൻസിനെയും ,പ്രോഗ്രാമിങ്ങിനെയും,ലിനക്സിനെയും കുറിച്ച് ചാറ്റ് ചെയ്ത് തുടങ്ങിയ മരിയ ഇന്ത്യക്കാ‍രൻ ആണെന്ന് പറഞ്ഞ ഉടൻ ബുദ്ധനെയും ഓഷോയെയും കുറിച്ചാണു ചോദിച്ചത് .
ചാറ്റിങ്ങിനിടയിൽ റിച്ചാർഡ് സ്റ്റാൾ മാനിൽ നിന്ന് പുസ്തകങ്ങളിലേക്കും ലാറ്റിനമേരിക്കൻ സാഹിത്യത്തിലേക്കും രാഷ്ട്രിയത്തിലേക്കും ഒക്കെ അവർ സുന്ദരമായി കയറി ഇറങ്ങി...മാർക്കേസിന്റെ പുസ്തകങ്ങളെ കുറിച്ച് അനായാസം സംസാരിച്ച അവർ നമ്മുക്കൊന്നും ഈ ലോകത്തെ കുറിച്ച് ഒന്നും അറിയില്ല എന്ന് മനസ്സിലാക്കി തന്നു.ഇതിനിടയിൽ എപ്പൊഴോ ഞങ്ങൾക്കിടയിൽ ഫുട്ബോൾ എന്ന വിഷയം കടന്ന് വന്നു.ഫുട്ബോളിനെ കുറിച്ച് ഒരു ലാറ്റിനമേരിക്കക്കാരിയോട് സംസാരിക്കാൻ അവസരം കിട്ടിയതിൽ ഞാൻ ത്രില്ലടിച്ചു.

ഫുട്ബാളിനെ കൂറിച്ച് ആവേശത്തോടെ സംസാരിച്ച് തുടങ്ങിയ മരിയ ,എന്നോട് കുറച്ച് നേരം വാദിക്കുകയും,പിന്നെ തർക്കിക്കകയും,തുടർന്ന് പിണങ്ങി പോവുകയും ചെയ്തു.

യാദ്രശ്ചികമാവണം .. കോപ്പ അമേരിക്കയിൽ അന്ന് രാത്രി ബ്രസീൽ - അർജന്റീന ഫൈനൽ.ഫുട്ബോളിനോട് വിട പറഞ്ഞ് പോയ അർജ്ന്റീനിയൻ മിഡ് ഫീൽഡർ യുവാൻ കാർലോസ് റിക്വൽമി കളിക്കളത്തിന്റെ മാജിക്കൽ റിയലിസത്തിലേക്ക് മായികമായി മടങ്ങി വന്ന സമയം. റിക്വൽമി അലസ താളം കൊണ്ടു രചിക്കുന ഫുട്ബോൾ സിംഫണികളെ മനസ്സിൽ കൊണ്ട് നടന്നിരുന്ന ഞാൻ അർജന്റീനയ്ക്ക് വേണ്ടി വാദിക്കുന്നു..സാംബാ താളത്തിന്റെ കരുത്തും വന്യതയുംവാക്കുകളിൽ ആവാഹിച്ച് മരിയ തിരിച്ചടിച്ചു

“ഫുട്ബോളിനെ കുറിച്ച് നിനക്ക് എന്തറിയാം?”
ഫുട്ബാൾ വെറും ഒരു പന്ത്കളി മാത്രമല്ലാതിരുന്ന ബ്രസീലിയൻ വംശജ ആണു അപ്പുറത്തെന്ന് ഞാൻ ഓർക്കേണ്ടതായിരുന്നു. അവളുടെ ഫുട്ബോൾ പരിജ്ഞാനത്തിനു മുന്നിൽ ഞാൻ വാക്കുകൾ ഇല്ലാതെ ഓരോ തവണയും പതറി.
ഏറെക്കുറെ നിരായുധനായി നിന്ന എന്നോട് മരിയ നേരിയ പരിഹാസത്തോടെ ചോദിക്കുന്നു..
“ഇനി നിനക്കെന്താണ് നാളത്തെ കളിയെ കുറിച്ച് പറയാനുള്ളത്”?”
(Now tell me,what can you talk about tomorrow’s game?)

അല്പ നേരം ആലോചിച്ച് ഞാൻ കീ ബോർഡിൽ പതിയെ ടയിപ്പ് ചെയ്തു.
“വിവാ അർജന്റീന”
… “ഒകെ ബൈ ..സീ യു എഗയിൻ“ എന്ന ദേഷ്യം കലർന്ന് ഉപചാര വാക്കുകളുമായി അവൾ ചാറ്റ് ലിസ്റ്റിൽ നിന്ന് മറഞ്ഞു.
……………………………………………………………………………………………………..
മനുഷ്യൻ ചരിത്ര പരിണാമത്തിന്റെ ദശകങ്ങളിൽ എന്നു മുതലാണു ഈ കാൽ പന്തു കളിയെ പ്രണയിക്കാൻ തുടങ്ങിയത്… അറിഞ്ഞു കൂട… പക്ഷെ ഒന്നറിയാം…
ഫുട്ബോൾ പലപ്പോഴും ജീവിതത്തിന്റെ കാല്പനിക കാവ്യമാണ്….ഉദയവും അസ്തമയവും,സമരവും വിപ്ലവവും,..വിജയവും..അതിലേറെ പരാജയങ്ങളും അടങ്ങിയ. ആരും എഴുതി തീരാത്ത ഒരു ജീവിത നാടകം..
ജീവിതം നമ്മളെ ഒരിക്കലും മടുപ്പിക്കുന്നില്ല തന്നെ..കാരണം അത് ഒരിക്കല്ലും പ്രതീക്ഷിക്കാത്ത എന്തൊക്കെയോ നമ്മുക്ക് വേണ്ടി എപ്പോഴും കരുതി വെക്കുന്നു….ഫുട്ബോൾ ജീവിതം എഴുതുന്ന മൈതാനങ്ങളിൽ ഏറെക്കുറെ അത് തന്നെ ചെയ്യുന്നു.തൊണൂറ് മിനുട്ടുകളിൽ അത് ആരും പ്രതീക്ഷിക്കാത്ത എന്തൊക്കെയോ നമ്മുക്ക് കാ‍ഴ്ച വെക്കുന്നു…

GOAL“ എന്ന സോക്കർ സിനിമയിൽ തനിക്ക് കിട്ടിയ ഏക അവസരം ഉപയോഗിക്കാൻ കഴിയാതെ പോയ സാന്റിയാഗോ മുനെസ്സ് എന്ന മെക്സിക്കൻ ഫുട്ബോൾ കളിക്കാരൻ “ഞാൻ നാളെ നന്നായി ശ്രമിക്കാം“ എന്ന് പറയുമ്പോൾ അദ്ദേഹത്തിന്റെ അഭ്യുദയകാംക്ഷിയും, സഹായിയുമായ ഗ്ലെന്‍ ഫോയ് എന്ന കഥാപാത്രം “പക്ഷെ നാളെകളില്ലല്ലോ ..സാന്റിയാഗോ..” എന്ന് പ്രതിവചിക്കുന്നുണ്ട്.

അതെ ഫുട്ബോൾ വിജയിക്കാൻ മാത്രം വിധിക്കപ്പെട്ടവന്റെ കഥയാണ്..അവിടെ തോൽവി എന്നാൽ നാളെകളുടെ എന്നെന്നേയ്ക്കുമായുള്ള നഷ്ടമാണ്….

മാറക്കാനയില്‍ ബ്രസീലിനു കപ്പ് നഷ്ടപെടുത്തിയവരോട് 50 വര്‍ഷങ്ങള്‍ക്കിപ്പുറവും ബ്രസീലുകാരന്‍ ക്ഷമിച്ചിട്ടില്ല.ബാര്‍ബോസ എന്ന ബ്രസീലിയന്‍ ഗോളി,ഒരേ സമയം വെറുക്കപ്പെട്ടവനും,രാജ്യത്തെ ഒറ്റു കൊടുക്കപ്പെട്ടവനുമായി മാറി.

ഫുട്ബോള്‍ കളിക്കാരന്‍ എപ്പോഴും റഫറിയുടെ രണ്ട് ലോങ് വിസിലുകള്‍ക്കിടയില്‍ ചലിക്കാന്‍ മാത്രം വിധിക്കപെട്ടവനാകുന്നു..

അവർക്ക് പോലും അറിയാത്ത നിമിഷങ്ങളിൽ റഫറിയുടെ വിസിലിന്റെ നീണ്ട ചൂളം വിളിയാൽ ഒറ്റു കൊടുക്കപ്പെട്ട് ഒരേ സമയം ആക്രമിക്കാനും പ്രധിരോധിക്കാനും വിധിക്കപ്പെടുന്നവർ.

ലാറ്റിനമേരിക്കയുടെ അറിയാത്ത മൈതാനങ്ങളിൽ എവിടെയോ..റിക്കി മാർട്ടിൻ കാട്ടു കുതിരകളുടെ കരുത്തിനെ അഴിച്ച് വിടുന്നു.
ജീവിതത്തിന്റെ മധ്യനിരകളിൽ നിയതിയുടെ നിയമങ്ങളെ ധിക്കരിച്ച് റൊണാൾഡിന്യോയും,സിദാനും സ്വപ്നങ്ങൾ കാണുന്നു
.ക്രുത്യതയുടെ യാന്ത്രികമായ സൂത്രവാക്യങ്ങളെ മാത്രം ധ്യാനിച്ച് പെലെയും,ബാ‍ജിയൊയും,റൊണാൾഡോയും ലക്ഷ്യത്തിലേക്ക് കൂതിക്കുന്നു.

ജീവിതവും ലക്ഷ്യവും..മറന്ന് ഗാരിഞ്ചയും,ഗാസ്കൊയിനും,വാൾഡ്രാമയും..ഉന്മാദ ചിത്രങ്ങൾ വരയ്ക്കുന്നു..

ഗോൾ പോസ്റ്റിന്റെ ഏകാന്തതയെ മാത്രം പ്രണയിക്കാൻ വിധിക്കപ്പെട്ട് ..അനിശ്ചിതത്തിന്റെ ഈ നാടകത്തിനു തിരശ്ശീല വീഴാൻ പ്രാർത്ഥിക്കുന്ന കാമ്പസും,ബാർത്തേസും,ബഫണും..അവർക്കിടയിൽ നിന്ന് കഥയിലെ എഴുതാത്ത കഥാ പാത്രങ്ങളെ പോലെ പ്രലോഭനങ്ങളെ അതിജീവിക്കാൻ കഴിയാത്ത ഇയ്യാം പാറ്റകളായി ഇറങ്ങി ചെല്ലുന്ന ഹിഗ്ഗിറ്റയും ചിലാവർട്ടും…

കറുപ്പിന്റെ ഏഴഴകുമായി വന്ന് പട്ടിണി മുട്ടി വിളിച്ച പ്രഭാതങ്ങളുടെ കഥ പറഞ്ഞ് മടങ്ങി പോകുന്ന റോജർമില്ലയും,ഡ്രോഗ്ബയും,എറ്റുവും…

ഞങ്ങൾ ഇവിടെ ഉണ്ടെന്ന് മാത്രം വിളിച്ച് പറഞ്ഞ് മടങ്ങുന്ന ഹാൻ സുങ് ഹാൻ..

കളി തീരും മുൻപെ വിധിയുടെ ചുവപ്പ് കാർഡുകൾ ഏറ്റ് വാങ്ങി വിവിധ ദിശകളിലേക്ക് നടന്ന് മറഞ്ഞ എസ്കോബാറും, നമ്മുടെ സത്യനും.

ഹ്രദ്രോഗത്തിനും മരണത്തിനും ഇടയിലൂടെ പ്രത്യാശയുടെ ആകാശങ്ങളിലേക്ക് ജീവിതത്തിന്റെ പന്ത് കാൽചുവടുകളിൽ തളച്ചിട്ട് മടങ്ങി വന്ന കാനു.

ദൈവത്തിന്റെ വാക്കുകളെ നിഷേധിച്ച് ഫുട്ബാളിന്റെ പ്രവാചകരായി..മൈതാനങ്ങളിൽ നിന്ന് മൈതാനങ്ങളിലേക്ക് ഉയിർത്തെഴുന്നേൽക്കുകയും,അതിനു പുറത്ത് ക്രൂശിക്കപ്പേടുകയും ചെയ്ത മാറഡോണയും,ജോർജ്ജ് ബെസ്റ്റും..

അതെ ഇത് ജീവിതത്തിന്റെ നിറങ്ങളെല്ലാം ചേർന്ന ഒരു മഴവില്ലാണ്…ഷെക്സ്പിയർ എഴുതി തീർക്കാൻ മറന്ന് പോയ പ്രണയാതുരമായ ഒരു ദുരന്ത നാടകം.ഒരോ തവണ നഷ്ടപെടുമ്പോഴും കൂടുതല്‍ കൂടുതല്‍ ഈ കളിയെ പ്രണയിക്കാന്‍ മാത്രമെ നമ്മുക്ക് കഴിയാറുള്ളു..
എല്ലാ റൊമാന്റിക് ട്രാജഡികളും എഴുതപെട്ടത് അതിനു വേണ്ടി തന്നെ ആവണം..
………………………………………………………………………………………………………………---------------------

തിരിച്ച് മരിയയിലേക്കും കോപ്പ അമേരിക്കയിലേക്കും….
അതു വരെ തകർത്ത് കളിച്ചിരുന്ന അർജന്റീനയെയും റിക്വൽമിയെയും അന്നു രാത്രി നിശബ്ദരാക്കി ബ്രസീലിയൻ യുവ നിര കപ്പ് നേടുന്നു.

പിറ്റേന്ന് രാവിലെ എന്റെ മെയിൽ ബോക്സിൽ ഒരു അപരിചിത സന്ദേശം കാത്ത് കിടന്നിരുന്നു. ആവെ മരിയ എന്ന ഇമെയിൽ ഐഡിയിൽ നിന്ന് വന്ന അതിൽ ഇങ്ങനെ കുറിച്ചിരുന്നു. .ഒരു ബ്രസീലിയൻ ജഴ്സിയുടെ ചിത്രവും…

Beware, my friend….
For us It’s all in the name FOOTBALL,
For us it’s all in the game FOOTBALL “... Mariya


ഫുട്ബോൾ എല്ലാമാണെന്ന് വിളിച്ച് പറയുന്ന ലാറ്റിനമേരിക്കയുടെ വികാരമാവണം ആ വാക്കുകൾ..

ഇനി ഈ ലോക കപ്പ് നമ്മുക്ക് എന്തൊക്കെയാവും കരുതി വെച്ചിരിക്കുക…..

സ്പെയിൻ കപ്പുമായി മടങ്ങുമെന്ന് കണക്കുകളും പണ്ഡിതരും പറയുന്നു.ഇത്തവണ സാംബാ ചുവടുകൾ പിഴയ്ക്കില്ലെന്ന് ബ്രസീലുകാർ ആണയിടുന്നു…

ഞാൻ പ്രതീക്ഷിക്കുന്നു.. മാറഡോണയും ,മെസിയും ഇത്തവണ ദാരിദ്രം ചവച്ച് തുപ്പിയ എതോ അർജ്ന്റീനിയൻ ചേരികളിലൊന്നിലേക്ക് ഈ കപ്പിന്റെ തിളക്കവുമായി വന്നിറങ്ങുമെന്ന് തന്നെ….

പഴയ ബ്രസീലിയൻ കൂട്ടുകാരിയെ പിന്നെ ഇന്റെർ നെറ്റിലോ ചാറ്റ് ലിസ്റ്റിലോ കണ്ട് മുട്ടിയിട്ടില്ല…ഒരു പക്ഷെ ഇനി ചാറ്റ് ചെയ്താലും അവർ എന്നോട് ചോദിക്കുക അത് തന്നെയാകും…
“Now tell me, what can you talk about tomorrow’s game?”

..റിക്വല്‍മി ഇല്ലെങ്കില്ലും അര്‍ജന്റീനയ്ക്ക് വേണ്ടി മെസ്സി ചമയ്ക്കുന്ന മഴവില്ലുകളെ സ്വപ്നം കണ്ട്.. ഞാൻ വീണ്ടും കീ ബോർഡിൽ വിരലുകൾ അമർത്തുന്നു..

“Viva ARGENTINA”

Monday, June 7, 2010

വീണ്ടും ആരൊക്കെയോ ചിലർ

... മഴ തീവണ്ടി യാത്രയുടെ സ്വാഭാവിക താളം മുറിച്ചെറിഞ്ഞ് പെയ്ത് തുടങ്ങുന്നു.നേരം തെറ്റിയ ഏതൊക്കെയൊ തീവണ്ടികളുടെ കടം വീട്ടിയതിനാൽ.. തിരക്ക് ക്രമാതീതമായി വർദ്ധിച്ചിരുന്നു.
മഴയുടെ ഇതളുകൾ പതിയെ പതിയെ യാത്രയുടെ വെളിച്ചത്തെ പൂർണ്ണമായി അപഹരിച്ചു..വായിച്ചു കൊണ്ടിരുന്ന പത്രം മടക്കി ഞാൻ യാത്രയുടെ അലസതയിലേക്ക് ,ഒരു യാത്രക്കാരന്റെ .സ്ഥായിയായ അക്ഷമയിലേക്ക് മടങ്ങി.
എതിർ സീറ്റിൽ ഇരുന്നിരുന്ന വൃദ്ധ ദമ്പതികളെ ശ്രദ്ധിച്ചു..എപ്പോഴോ കഴിക്കൻ മറന്ന മരുന്നുകൾ ശാസനയോടെ ഭർത്താവിനു നൽകുന്ന ഭാര്യ…അവർക്കിടയിലെ വാക്കുകൾക്ക് നയവും വിനയവും ക്രിതിമത്വവും ഇല്ലായിരുന്നു. തിരക്ക് നടിക്കുന്ന യൌവ്വനത്തിന് ആ വാർദ്ധക്യത്തിന്റെ സ്വാതന്ത്ര്യത്തോട് അകാരണമായ അസൂയ തോന്നി.,നാട്യത്തിന്റെ മുഖം മൂടികളണിയാതെ സംസാരിച്ച കാലം മറന്ന് പോയിരിക്കുന്നു. ഘടികാര ചലനത്തിന്റെ വേഗതയെ മറികടക്കാൻ പഠിപ്പിക്കുന്ന ജോലി തന്നിൽ നിന്ന് ആത്മാർത്ഥതയുടെ വികാരങ്ങളെ മായ്ച്ചു കളഞ്ഞത് അറിയുന്നു.

പണ്ട് ,ഗൾഫ് ജീവിതത്തിൽ നിന്ന് കടം പറഞ്ഞ് വാങ്ങിയ സായാഹ്നങ്ങളിൽ ഒന്ന് പങ്കിടാൻ ഓടി വന്ന സുഹൃത്ത്‌ പറഞ്ഞത് ഓർത്തു.
നിനക്കറിയുമോ ,ഏറ്റവും വിലകൂടിയ സ്വാതന്ത്ര്യം അലസതയാണ്…
“The most valuable freedom is nothing other than freedom of laziness”
ഇപ്പോൾ അലസരായി ഇരിക്കുന്നവരോട് എനിക്ക് അസൂയ ആണെടാ…
അടുത്ത സ്റ്റേഷനിൽ ചെറിയൊരു ചൂളം വിളിയോടെ ട്രെയിൻ നിന്നു.പെട്ടെന്ന് കയറി വന്ന രണ്ട് യാത്രക്കാർ സ്ഥലം സ്ര്ഷിടിച്ച് വൃദ്ധ ദമ്പതികളുടെ അടുത്ത് ഇരുന്നു.അവരുടെ സംസാരത്തിൽ നിന്ന് അവർ ഏതോ ഇൻഷുറൻസ് കമ്പനിയുടെ ഉദ്യോഗസ്ഥരാണെന്ന് അറിഞ്ഞു. അവർക്കിടയിലെ വാക്കുകളിൽ ജീവിതത്തിന്റെ അനിശ്ചിതത്ത്വങ്ങളെ വിദഗ്ധമായി ഉപയോഗിക്കുന്ന കമ്പനിയുടെ സൂത്രവാക്യങ്ങൾ കടന്ന് വന്നു.
“എടാ എനിക്ക് താത്പര്യം ഉള്ള കക്ഷിയാണു,പക്ഷെ ആൾ ബി പി എൽ ആണു,അതാണു പ്രോബ്ലം,കമ്പനിയ്ക്ക് വലിയ ലാഭം ഉണ്ടാകില്ല..നീ എന്തായാലും ഒന്നു ട്രയി ചെയ്.“
ഏജ് എത്രയാകും?..
“ഒരു 75-78 ഒക്കെ ആയി കാണും.. ഉറപ്പില്ല.”
“സാറെ അതു നടക്കുമെന്ന് തോന്നുന്നില്ല.,ആൾ ഏജ്ഡ് അല്ലെ,പിന്നെ ബി പി എൽ ആയാൽ സബ്സിഡിയും ഉണ്ട്..that simply means there is no profit and gain for the firm..”
But I will try..,വല്ല ഗ്രൂപ്പ് പോളിസിയുടെ കൂടെ ആണെങ്കിൽ കയറി പോയേക്കും.“
“പക്ഷെ എന്റെ സാറെ നമ്മൾ ഈ മിനിമം ഗ്ര്യാരന്റി ഇല്ലാത്ത കേസ് കെട്ട് ഒക്കെ എടുക്കണോ? ഈ 78-80 എന്നൊക്കെ പറഞ്ഞാൽ..എപ്പോ വേണെങ്കിലും വെടി തീരും.”
“പിന്നെ പോകുന്ന പോക്കിൽ വല്ലതും തടയുമോ എന്ന് നോക്കണം,അത് തന്നെ “
“ശരിയാ,ചിലരൊക്കെ ഇരിക്കുന്നതു കാണുമ്പോൾ തന്നെ തോന്നും ഇവർക്കൊക്കെ പാസ്പോർട്ട് കൊടുക്കാറായില്ലെ എന്ന്”…
”…തന്റെ നർമ്മത്തിന്റെ ഹരത്തിൽ അയാളും തുടർന്ന് ഇരുവരും പൊട്ടിച്ചിരിച്ചു…“
വയസ്സായ സ്ത്രീയുടെ കണ്ണുകൾ നിറയുന്നുവോ?..എല്ലാമറിയുന്നത് പോലെ അദ്ദേഹം ആ ശുഷ്കിച്ച കൈവിരലുകളെ പതിയെ പിടിച്ചമർത്തി. മിനിമം ഗ്യാർന്റി നഷ്ടപ്പെട്ടു പോയ ജീവിതത്തിൽ അദ്ദേഹം നിശ്ബ്ദമായ സാന്ത്വനം പകരുകയായിരിക്കണം.
പഴുത്ത ഇലകളുടെ വിടവാങ്ങലുകളെ,,,,ഗൂഡമായ ആഹ്ലാദത്തോടെ കണ്ടു നിന്ന പച്ചിലകളുടെ കഥ ആദ്യം പറഞ്ഞത് ആരായിരുന്നു.
അടുത്ത സ്റ്റേഷനിൽ ആ ഉദ്യോഗസ്ഥർ എഴുന്നേറ്റ് തിടുക്കത്തിൽ കടന്നു പോയി.ഇതിനിടെ വൃദ്ധൻ പതിയെ സീറ്റിൽ നിന്ന് താഴെ വീണു പോയ ഒരു ബാഗ് കണ്ടെടുക്കുന്നു.ഒരു പാട് കടലാസുകളും ഒരു മൊബൈലും ഉൾപ്പെട്ട ഒരു ബാഗ്.
“അയ്യോ”,ഇതു ഇവിടെ ഇരുന്ന ആളുടെ ആണല്ലോ…,ഇനി എന്ത് ചെയും” അയാളോടൊപ്പം ഞാനും എഴുന്നേറ്റു.ഞങ്ങൾ വാതിൽക്കലേക്ക് വേഗം നടന്നു…
അതിന്റെ ഉടമസ്ഥൻ ഓടി കിതച്ച് വരുന്നു…
വ്രുദധൻ ബാഗ് കൈ മാറി,,,പരിഭ്രമത്തോടെ അയാൾ അതിനകം പരതി..“എന്റെ മൊബൈൽ,അക്കൌണ്ട്സ്,എല്ലാം….“..
ആശ്വാസം നിറഞ്ഞ മുഖത്തോടെ അയാൾ പറഞ്ഞു..”എന്റെ ഈ മാസത്തെ ടാർഗറ്റ് തികച്ച പേപ്പേഴ്സും കാഷുമാണു,
, അതെ ടാർഗറ്റ് !!! ” കോർപ്പറേറ്റ് ലോകത്തിന്റെ അവസാനിക്കാത്ത പിരിയൻ ഗോവണി കയറാൻ വിധിക്കപ്പെട്ട മറ്റൊരു സഹയാത്രികനോട് സഹതാപം തോന്നിയില്ല.
നന്ദി പറഞ്ഞ് മിനിമം ഗ്യാരന്റ്റി ഇല്ലാത്ത അദ്ദേഹത്തിന്റെ ആ കൈ പിടിച്ച് കുലുക്കുമ്പോൾ അയാളുടെ കൈ വിറച്ചിരുന്നുവോ..
ട്രയിൻ യാത്ര തുടർന്നു….
അവരെ പരിചയപ്പെട്ടു..ആകെയുള്ള മകളെ കാണുവാൻ പോകുന്നു
“.അവൾ ഞങ്ങളോട് പിണക്കമാണു. അവൾക്ക് പിണങ്ങാൻ ഒരുപാട് പേർ ഉണ്ടാകും.. പക്ഷെ ഞങ്ങൾക്ക് ഇപ്പോൾ ഇണങ്ങാനും പിണങ്ങാനും അവൾ മാത്രമേ ഉള്ളു.“അദ്ദേഹം പറഞ്ഞ് നിറുത്തി..
അടുത്ത സ്റ്റേഷനിലേക്ക് അടുക്കുന്നു അവർ ഇറങ്ങാൻ ഒരുക്കം കൂട്ടി..അദ്ദേഹം നിറഞ്ഞ ചിരിയൊടെ എന്റെ..കൈ പിടിച്ച് കുലുക്കി..
ആധുനികതയുടെ ക്രുതിമത്വമില്ല,യാത്രയുടെ അക്ഷമയും..പിന്നിട്ട വഴികളുടെ,അനുഭവങ്ങളുടെ അപാരത,..ആ മുഖത്ത് കണ്ടുവോ..?
റയിൽവേ സ്റ്റേഷന്റെ ആരവങ്ങളിലേക്ക് ..,ആൾക്കൂട്ടത്തിന്റെ തിരക്കിലേക്ക് ..അവർ നടന്ന് കയറുന്നു.അനവദി നിഴലുകളിൽ ഒന്നായി അവർ കാഴ്ചയിൽ നിന്ന് മറയുന്നതു വരെ ഞാൻ നോക്കി നിന്നു.

യാത്രയുടെ ഓർമ്മ പുതുക്കി..വീണ്ടും തീവണ്ടി ചലിച്ചു………