Thursday, September 2, 2010

..ഓർമ്മയിൽ ഒടുങ്ങുന്ന ഞാവൽ മരങ്ങൾ..

ദൃശ്യങ്ങളും ശബ്ദങ്ങളുമായി മാത്രം മനസ്സിൽ ഇന്നും തങ്ങി നിൽക്കുന്ന ഗ്രാമത്തിലേക്ക് ബൈക്കോടിക്കവെ റഷീദ് പറഞ്ഞു..
എടാ ഇവിടം ഒരുപാടു മാറി..ഇപ്പോൾ നിനക്കറിയുന്ന ആരെങ്കിലും ഇവിടെ ഉണ്ടോ എന്ന് സംശയമാണ്“.
നാട്ടിൻപുറത്തെ പതിയെ പതിയെ ഗ്രസിച്ചു തുടങ്ങുന്ന നഗരത്തിന്റെ ആർഭാടങ്ങളിലേക്ക്,കോൺക്രീറ്റ് കെട്ടിടങ്ങളിലേക്ക് നോക്കിയിരിക്കെ അവൻ വീണ്ടും സംസാരിച്ചു..
പണ്ട് ഇവിടം വരെയായിരുന്നു..ചെമ്മണു വിരിച്ചിരുന്നത്..ഇവിടന്നങ്ങോട്ട് വരമ്പായിരുന്നു..നമ്മൾ കളിച്ചിരുന്ന ഞാവൽക്കാടും,ഒറ്റ പനയും ഒന്നും ഇന്നില്ല..അവിടെയൊക്കെ വീടു വന്നു“…


മഴ തകർത്തു പെയ്തിരുന്ന ചില സന്ധ്യകളിൽ ഞാവൽ മരം കാത്തിരിക്കുമായിരുന്നു,മഴ തോരുമ്പോൾ സ്വയം പെയ്തു തുടങ്ങാനായി….ഞാവൽ പഴങ്ങളും, അവസാനിക്കാത്ത ജല കണങ്ങളുമായി മരം പിന്നെ മറ്റൊരു മഴയാകും..

ചുണ്ടും നാക്കും കറുപ്പിച്ചിരുന്ന ഞാവൽ പഴങ്ങൾ തേടി അന്നത്തെ കൂട്ടുകാരുടെ കാൽചുവടുകൾക്കു പിന്നാലെ അലസമായി അലഞ്ഞത് ഓർത്തു പോയി..

Rhythm is originally the rhythm of the feet” എന്ന് എലിയാസ് കാനെറ്റി ആൾക്കൂട്ടത്തിന്റെ താളത്തെ കുറിച്ച് പറഞ്ഞത് വായിക്കുമ്പോൾ ആദ്യം ഓർത്തു പോയതു ഈ ഞാവൽ മരത്തെ കുറിച്ചാണ്..
നിഷ്കളങ്കമായ പാദ മുദ്രകൾ ഞാവൽ മരത്തെ എത്ര തവണ വലം വെച്ചിരിക്കണം.. .ഒരിടത്ത് ആരംഭിച്ച് അവിടെ തന്നെ അവസാനിക്കുന്ന നിരർത്ഥകമായ ഹ്രസ്വ യാത്രകൾ…
എല്ലാ യാത്രകളും മടങ്ങി വരാൻ വേണ്ടിയായിരുന്നുവെന്ന് അന്ന് പഠിക്കുകയായിരുന്നോ?

പണ്ട് വരമ്പ് തിരിഞ്ഞ് ഇടവഴിയിലേക്ക് കടന്നിരുന്ന സ്ഥലത്ത് നിന്നിരുന്ന പരിചിതമായിരുന്ന വീടും തൊടിയും രൂപം മാറിയിരിക്കുന്നു..
എന്റെ അത്ഭുതം കണ്ടാവണം റഷീദ് പറഞ്ഞു..
എടാ ഇവിടെയായിരുന്നു നമ്മുടെ പാക്കരേട്ടന്റെ വീട്

പാക്കരേട്ടന്റെ വീട് കഴിഞ്ഞ കൊല്ലാ പൊളിച്ചത്..ഇപ്പോ ഇവിടെ പുതിയ ആളുകളാ..

പാക്കരേട്ടൻ എന്ന “ഭാസ്കരൻ” ആ ഗ്രാമത്തിലെ ആദ്യ കാല ബിരുദധാരികളിലൊരാളായിരുന്നു.ഗണിത ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ പാക്കരേട്ടൻ എവിടെയോ ഉയർന്ന ജോലിക്ക് ചേർന്നുവത്രെ..പരിക്ഷ്ക്കാരിയായ പാക്കരേട്ടൻ നടന്നു പോകുന്നത് അന്ന് കണ്മഷി പുരണ്ട ചില കണ്ണുകൾ നിശബ്ദമായ പ്രണയത്തോടെയും,മറ്റ് ചിലവ അസൂയയോടെയും,ഇനിയും ചിലത് ആദരവോടെയും നോക്കി നിന്നിരുന്നു..

പക്ഷെ ഒരു ദിനം പാക്കരേട്ടൻ എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ട് മടങ്ങി വന്നു.പിന്നെ ദിവസങ്ങളോളം വീടിനു പുറത്തിറങ്ങിയില്ല..
ഗ്രാമം പല കഥ പറഞ്ഞു..
ആവൂ… നമ്മടെ ഭാസ്ക്കരനെ കമ്പനിയിലെ ആരോ പറ്റിച്ചൂത്രെ..അതിന്റെ വിഷമാ”
“ഏയ് ഇതതൊന്ന്വല്ല ഏടത്ത്യേ…ഭഗവതിക്ക് ചിലതൊന്നും അങ്ങട് പിടിച്ചിട്ടില്ലാ.. ഞാൻ അന്നേ പറഞ്ഞില്ല്യെ?..”
“ഭാസ്ക്കരേട്ടൻ സ്നേഹിച്ച പെണ്ണ് അയാളെ ചതിച്ചുന്നാ കേട്ടത്”.
.
എന്തായാലും പാക്കരേട്ടൻ നഷ്ടപ്പെടാൻ മാത്രമായി ആരെയോ തീവ്രമായി പ്രണയിച്ചിരുന്നുവെന്ന് പിന്നീട് അറിഞ്ഞിരുന്നു

എന്തായാലും പാക്കരേട്ടന്റെ ജീവിതത്തിന്റെ കണക്കുകൾ അവിടന്നങ്ങോട്ട് ആകെ തെറ്റുകയായിരുന്നു..ഗുണനം തെറ്റിയ ക്രിയ പോലെ പാക്കരേട്ടൻ ഗ്രാമത്തിലൂടെ നടന്നു.തനിക്ക് മാത്രമറിയുന്ന ഗണിത സൂത്രവാക്യങ്ങളുമായി മരങ്ങൾക്കും,കുള കടവിലെ അലക്ക് കല്ലുകൾക്കും അറിവു പകർന്ന് കൊടുത്തു..ചിലപ്പോൾ വരുന്ന സിനിമാ നോട്ടിസുകൾക്ക് പിന്നാലെ പോയി…
ഇടയ്ക്ക് പാട്ടുകൾ പാടി ഇടവഴികളിലൂടെ നടന്നു.. ഇലക്ട്രിക് ഫാനിന്റെ ശബ്ദം ഇല്ലാതിരുന്ന അന്നത്തെ രാത്രികളിൽ പാക്കരേട്ടൻ പാടി പോകുന്നത് കേൾക്കാമായിരുന്നു..
“ഓമലാളെ കണ്ടു ഞാൻ പൂങ്കിനാവിൽ….
മറ്റ് ചിലപ്പോൾ ..”വാ വെണ്ണിലാ.. ഉന്നെ താനെ വാനം തേടിതു…”
രാത്രി ഭക്ഷണം കഴിക്കാതെ വാശി പിടിച്ചിരുന്ന കുട്ടികളോട് അമ്മമാർ പറഞ്ഞു..
മോനെ പാക്കരേട്ടൻ വരാറായി…കഴിച്ചിട്ട് പെട്ടെന്ന് ഉറങ്ങിക്കോ”.

കുറച്ച് മുതിർന്നപ്പോൾ പാക്കരേട്ടൻ വെറും പാവമാണെന്നും ആരെയും ഉപദ്രവിക്കില്ലെന്നും മനസ്സിലായി..രാത്രികളിൽ പാക്കരേട്ടന്റെ പാട്ട് കേൾക്കാനയി ഞാൻ ജനലഴികളിൽ മുഖം അമർത്തി നിൽക്കും.
ഒരു ദിനം അമ്മയുടെ കൈയും പിടിച്ച് സ്ക്കൂളിൽ നിന്ന് വീട്ടിലേക്ക് നടക്കവെ അമ്മ വാങ്ങി തന്ന ബിസ്കറ്റിന്റെ സന്തോഷത്തിൽ .. അദൃശ്യയായ എതോ അജ്ഞാത കാമുകിയോട് ഞാനും വെറുതെ പാടി.. “നീ കൂടെ പോരുന്നോ.. നീല മല പൂങ്കുയിലെ..”
ഒരു തരത്തിലും ഞാൻ കേൾക്കാൻ ഇടയില്ലാത്ത പാട്ട് പാടുന്നതു കേട്ട് അമ്മ അമ്പരന്നു..
എടാ……. നിനക്ക് ഈ പാട്ടൊക്കെ എവിടുന്ന് കിട്ടി………?”
“പാക്കരേത്തൻ ഇന്നലെ പാടി പോയതാ അമ്മേ”
“പാവം,ഓരോ മനുഷ്യരുടെ നിയോഗം!!!”

അമ്മയുടെ മുഖഭാവത്തിൽ നിന്നോ,വാക്കുകളിൽ നിന്നോ അന്നത്തെ അഞ്ച് വയസ്സുകാരന് ഒന്നും മനസ്സിലായില്ല.

പിന്നെ കൂറച്ച് കാലം പാക്കരേട്ടൻ എന്റെ പ്രായത്തിലുള്ളവരുടെ ചങ്ങാതിയായി..അതെന്നും അങ്ങനെയായിരുന്നു..
ആദ്യം പാക്കരേട്ടനെ പേടിച്ച് രാത്രി കരച്ചിൽ നിറുത്തിയവരെല്ലാം തന്നെ പിന്നെ പാക്കരേട്ടനോടൊപ്പം കളിക്കാൻ കൂടും..പിന്നെ അവർ മുതിരുമ്പോൾ വിട്ട് പോകുന്നു…ചിലർ വിഷാദത്തോടെ അല്പ നേരം നോക്കി നിൽക്കും..
പാക്കരേട്ടൻ അപ്പോഴേക്കും തന്റെ പുതിയ കൂട്ടുകാരുമായി പമ്പരം കറക്കാൻ പോയിട്ടുണ്ടാകും…

ഒരിക്കലും കൂടു പറ്റാൻ കഴിയാതിരുന്ന ഒരു കിളിയെ കുറിച്ച് ഇതിഹാസ കഥനത്തിന്റെ ഇതളുകളിൽ ഞാൻ വായിക്കുന്നത് ഒരു കാലത്തിനിപ്പുറമാണ്(*)

റഷീദിന്റെ ശബ്ദം എന്നെ ഉണർത്തി..
വീട്ടുകാർ വീടു വിറ്റ് താമസം മാറി പോയിട്ടും പാക്കരേട്ടൻ പോയില്ല..അവസാനം വീടു പൊളിഞ്ഞ് വീണ ദിവസം ഇവിടെ വന്ന് കുറെ നോക്കി നിന്നത്രേ…പിന്നെ ആരും ഇവിടെ കണ്ടിട്ടൂലാ“

ഞാൻ ഞാവൽ മരങ്ങൾ നിന്നിരുന്ന ഇടത്തേയ്ക്ക് വെറുതെ നോക്കി നിന്നു..

ഞാവൽക്കാടുകളെ നനച്ച് മഴ തുടങ്ങിയ ഒരു ദിനമാണ്.. ഞങ്ങൾ ആ ഗ്രാമം വിട്ട് പോകുന്നത്..നാട്ടിൻ പുറത്തിന്റെ ഓർമ്മകളിൽ നിന്നും നഗരത്തിന്റെ നാട്യങ്ങളിലേക്ക് അതെന്നെ പറിച്ച് നട്ടു.ഒരു മനുഷ്യനു കിട്ടാവുന്നതിൽ ഏറ്റവും നല്ല മുഖം മൂടി അവന്റെ മുഖം തന്നെയാണ് എന്ന് നഗരം പഠിപ്പിച്ചു.. മതിലുകളിൽ നിന്ന് ഉൾമതിലുകളിലേക്ക് വളരുന്ന സ്വയം സൃഷ്ടിച്ചെടുത്ത തടവറകളിലൊന്നിൽ ഒതുങ്ങുമ്പോൾ ഓർക്കാൻ ഒരു ഭൂതകാലം ഉണ്ടെന്ന് മാത്രം ഗ്രാമം ഓർമ്മിപ്പിച്ചിരുന്നു.. ഒരുപാടു നാളുകൾക്കപ്പുറം കടന്നു ചെല്ലുമ്പോൾ ഏതൊക്കെയോ മുഖങ്ങളെയും… ഭാവങ്ങളെയും അപഹരിച്ച് കാലം കടന്നു പോകുന്നതറിയുന്നു..

വീണ്ടും ആരെയൊക്കെയോ കുറിച്ച് ചോദിക്കണം എന്നുണ്ടായിരുന്നു..പക്ഷെ ഒന്നും ചോദിക്കാൻ തോന്നിയില്ല..ഓർമ്മകളിലെങ്കിലും ഈ ഗ്രാമം പഴയതു പോലെ നിന്നു കൊള്ളട്ടെ…
റഷീദെ നമ്മുക്ക് തിരിച്ച് പോകാം…നീ വണ്ടി എടുക്ക്…“

മാഞ്ഞു തുടങ്ങുന്ന ഭൂതകാലത്തിന്റെ കാല്പാടുകൾ വെറുതെ തിരയുന്ന മനുഷ്യന്റെ മുഖത്ത് നോക്കി റഷീദ് ചിരിച്ചു…


* ഖസാക്കിന്റെ ഇതിഹാസം