Saturday, October 1, 2011

തുടരുന്ന പ്രണയവും ഉള്ളിലേക്ക് തുറക്കുന്ന വാതിലുകളും..


സിനിമ എന്ന മാധ്യമം കലയാണോ,കച്ചവടമാണോ എന്നതും കലാവിഷ്ക്കാരത്തിന്റെ വിപണനം തന്നെയാണോ എന്നതും പുതിയ കാലത്തിന്റെ ചോദ്യങ്ങളാണ്.മോശം സിനിമകൾ സാമ്പത്തിക വിജയം നേടുമ്പോൾ നല്ല സിനിമകളായും,നല്ല സിനിമകൾ സാമ്പത്തിക പരാജയം നേരിടുമ്പോൾ മോശം സിനിമകളായും എണ്ണപ്പെടുന്നത് "കല ജീവിതം തന്നെ" എന്ന വചനത്തെ നിരാകരിക്കുന്നു.സിനിമയെ ലാഭവും നഷ്ടവും നൽകുന്ന ഉത്പന്നം ആയി അംഗീകരിക്കുന്നതായിരിക്കും കൂടുതൽ ശരി..
സിനിമാ കൊട്ടകയിൽ നിന്ന് ഇറങ്ങുമ്പോഴും പ്രേക്ഷകന്റെ മനസ്സിൽ ബാക്കിയാകുന്ന സിനിമയെ കലയെന്നും അംഗീകരിക്കാം. അത്തരത്തിൽ കച്ചവട സിനിമയുടെ അതിരുകളിൽ നിന്ന് ചിത്രമെടുത്തപ്പോളും മലയാളിയുടെ ബൗധിക തലങ്ങളെ സ്പർശിക്കാൻ കഴിഞ്ഞവരായിരുന്നു പത്മരാജനും ഭരതനും. ഇവർക്ക് പിന്നാലെയെത്തിയ ബ്ലെസി എന്ന സംവിധായകൻ മലയാളത്തിൽ ചർച്ച ചെയ്യപ്പെട്ടത് തിരഞ്ഞെടുത്ത ഇതിവൃത്തങ്ങളും,തിരശ്ശീലയിൽ അത് ബാക്കി വെച്ച് പോയ ചിന്തകളും കൊണ്ട് തന്നെയാണ്.കച്ചവട സിനിമയുടെ മതിൽകെട്ടിൽ കലാപം സൃഷ്ടിക്കുന്ന ബ്ലെസിയുടെ ചിത്രങ്ങൾ ഒന്നും മഹത്തരം എന്ന് പറയാൻ കഴിയില്ലെങ്കിലും കോമാളി വേഷങ്ങളെ ആഘോഷിച്ച് തുടങ്ങിയ മലയാള സിനിമയുടെ ആസ്വാദന നിലവാരത്തിൽ അത് ചലനം സൃഷ്ടിക്കന്നുണ്ട്.


പത്മരാജന്റെ ശിഷ്യൻ എന്ന ലേബലിൽ “കാഴ്ച” ഒരുക്കി കടന്ന് വന്ന ബ്ലെസി ആദ്യ ചിത്രത്തിൽ നവഭാവുകത്വം സൃഷ്ടിച്ചെങ്കിലും,തുടർന്ന് അതിനോളമെത്താനാവാതെ പതറുന്നതാണ് കണ്ടത്.പത്മരാജനും,ഭരതനും മുന്നിൽ കണ്ട സമൂഹ ജീവിതത്തിന്റെ വൈവിധ്യങ്ങളിൽ നിന്ന് അടർന്ന് മാറി ബ്ലെസിയുടെ ക്യാമറ കൂടുതലായും കടന്ന് ചെന്നത് മുഴുവൻ കുടുംബം എന്ന സമൂഹത്തിന്റെ ചെറിയ പതിപ്പുകളിലേക്ക് മാത്രമാണ്.


കുടുംബം അഥവാ അണുകുടുംബം പകരുന്ന സുരക്ഷിതമായ കുടയ്ക്ക് കീഴിൽ നിൽക്കാൻ നേരിട്ടോ അല്ലാതെയോ ആഹ്വാനം ചെയ്യുന്നതാണ് ബ്ലെസിയുടെ എല്ലാ ചിത്രങ്ങളും.ബ്ലെസിയുടെ വിജയിച്ച ഫോർമുലകളിൽ ചർച്ച ചെയ്യപ്പെട്ടതെല്ലാം കുടുംബം പുതിയ കാലത്ത് അനുഭവിക്കുന്ന ആകുലതകൾ ആയിരുന്നു.കാഴ്ചയിൽ അനാഥത്വം പേറിയെത്തുന്ന ആൺകുട്ടി കടന്ന് ചെല്ലുമ്പോൾ ഒരു കുടുംബം പൂർണ്ണതയിലെത്തുകയാണ്.മാധവൻ എന്ന് ഗൃഹനാഥന്റെ മകളുടെ കുഞ്ഞനുജനായി അവൻ മാറുമ്പോൾ താത്ക്കാലികമായെങ്കിലും തന്റെ കുടുംബത്തെ തന്നെയോർത്ത് മലയാളി ആശ്വാസം കൊള്ളുന്നു.പക്ഷെ നഷ്ടപ്പെടാൻ മാത്രമായി ഒരു കുടുംബത്തിന്റെയും നാടിന്റെയും സ്നേഹം അനുഭവിച്ച് നിഷ്ക്കളങ്കനായ “കൊച്ചുണ്ടാപ്രി” അപ്രത്യക്ഷനാകുമ്പോൾ വീണ്ടും മൂകസാക്ഷിയായി നമ്മൾ നെടുവീർപ്പിട്ടത് ഭൂകമ്പം തകർത്തു കളഞ്ഞ ജീവിതങ്ങളെ ഓർത്താകാൻ വഴിയില്ല..മറിച്ച് ഒരാൾ ഒഴിഞ്ഞ് പോയ കുടുംബാംഗങ്ങളുടെ വേദന തന്നെ അറിയുകയായിരുന്നു

കേരളീയ മധ്യവർഗ്ഗ കുടുംബത്തിന്റെ വാർപ്പ് മാതൃകയായ തന്മാത്രയിലെ നായകൻ ഗൃഹനാഥൻ,അച്ഛൻ,മകൻ,ഭർത്താവ് തുടങ്ങിയ പുരുഷ നിർമ്മിതികളിൽ പൂർണ്ണത തേടുന്നവനാണ്. രമേശൻ നായർ എന്ന നായകൻ അതിൽ ഏറെക്കുറെ വിജയിക്കുകയും ചെയ്യുന്നുണ്ട്. സിനിമയുടെ ആദ്യ പകുതിയിൽ നായകനെന്ന ഗ്രഹത്തിനു ചുറ്റും പലരീതിയിൽ കോർത്ത് വെക്കപ്പെടുന്ന ഉപഗ്രഹങ്ങളായി മറ്റ് കഥാപാത്രങ്ങൾ മാറുന്നു. അച്ഛനോട് കുറ്റസമ്മതം നടത്തുമ്പോൾ വിതുമ്പുന്ന മകൻ,ഭാര്യയേയും മക്കളേയും ചേർത്ത് പിടിക്കുന്ന ഭർത്താവ് തുടങ്ങി എല്ലാ വഴികളും നായകനിലേക്കും, സർവ്വോപരി ഗൃഹനാഥനിലേക്കുമെന്ന് പലരീതിയിൽ പറഞ്ഞ് വെക്കുന്നുണ്ട്.അവിശ്വസനീയമായ രീതിയിൽ അയാൾ “വിധി” എന്നോ "നിയോഗം" എന്നോ പറയാവുന്ന അമ്പേറ്റ് കളത്തിൽ വീഴുമ്പോൾ ഗൃഹനായകനെന്ന ബിംബത്തിനു ചുറ്റും വലം വെച്ചിരുന്ന മറ്റുള്ളവർ ഒന്നു ഉലയുന്നുണ്ടെങ്കിലും തകരുന്നില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്.കുടുംബം എന്ന നിവർത്തിയ കുടയ്ക്ക് കീഴിൽ മഴയും വെയിലും ഏൽക്കാതെ അയാളെ സംരക്ഷിക്കുന്നത് പണ്ട് അയാളൂടെ തണലിൽ നിന്നിരുന്ന അച്ഛനും,ഭാര്യയും,മക്കളുമാണ്.തന്റെ വലിയൊരു സ്വപ്നമായിരുന്ന മകന്റെ സിവിൽ സർവീസ് പ്രവേശനം സാധ്യമാകുന്ന നിമിഷം രമേശൻ നായർ അവതാരം പൂർത്തിയാക്കി രംഗം ഒഴിയുന്നു..അപ്പോഴേക്കും കുടുംബം ഒരിക്കലും അഴിയാത്ത കണ്ണികൾ കൊണ്ട് നെയ്ത സ്നേഹത്തിന്റെയും പ്രത്യേകിച്ച് സുരക്ഷിതത്തിന്റെ കൂടായി മാറുന്നുണ്ട്..

ഇവിടെ പറയാതെ തന്നെ ഉയരുന്ന ചോദ്യം..സ്മൃതി നാശം നേരിടുന്ന ആ മനുഷ്യൻ(ആമാനുഷൻ) കുടുംബം എന്ന ഇന്ത്യൻ മധ്യവർഗ്ഗ നിർമ്മിതിയുടെ പുറത്തായിരുന്നെങ്കിൽ അനുഭവിക്കുമായിരുന്ന അവസ്ഥയുടെ വ്യാകുലത കൂടിയാണ്..കുറച്ച് നേരത്തേങ്കിലും തന്മാത്രയുടെ പ്രേക്ഷകൻ തന്റെ കൊച്ച് കുടുംബത്തിലേക്ക് മടങ്ങാനും വാതിലുകൾക്ക് അകത്ത് നിന്ന് സാക്ഷയിടാനും ഓർത്ത് വെക്കുന്നു..

“നാട്ടിൻപുറത്ത് നിന്ന് നഗരത്തിലേക്ക്” എന്നത് പലരും പല രീതിയിൽ വ്യാഖാനിക്കുകയും ഏറ്റെടുക്കുകയും ചെയ്ത പഴയ ഒരു മുദ്രാവാക്യമാണ്.ഒരിടത്ത് അത് കേട്ട് ഇറങ്ങിയവർ നഗരത്തെ വളഞ്ഞ് പിടിച്ചുവെന്നറിഞ്ഞ് നമ്മളും ഇടയ്ക്കത് ഏറ്റു വിളിച്ചു.പക്ഷെ ഇന്ത്യൻ സാഹചര്യത്തിൽ അത് ഏറ്റെടുത്ത പലരും തോറ്റ് മടങ്ങി പോയി..മടങ്ങാതിരുന്ന ചിലർ നഗരത്തെ വളയാൻ കഴിയാതെ..നഗരം തന്നെത്തന്നെ വളയുന്നത് അറിഞ്ഞ് കീഴടങ്ങുകയും നാഗരികൻ എന്ന് സ്വയം വിളിക്കുകയും ചെയ്തു.


പക്ഷെ നഗരം തന്നിൽ നിന്ന് എന്തൊക്കെയോ അപഹരിക്കുന്നുണ്ട് എന്നറിയുമ്പോഴും അത് തുറന്ന് തരുന്ന സാധ്യതകളെ ആർത്തിയോടെ കാണാനാണ് നമുക്കിഷ്ടം.പേരറിയാത്ത നാട്ടിൻപുറത്ത് നിന്ന് ചെറിയ ഉപനഗരങ്ങളിലേക്ക്, ഉപനഗരങ്ങളിൽ നിന്ന് നഗരങ്ങളിലേക്ക് തുടർന്ന് നഗരങ്ങളിൽ നിന്ന് “മെട്രോ” എന്ന് വിളിക്കുന്ന വൻ നഗരങ്ങളിലേക്ക് ,തുടർന്ന് ഇത് വരെ കാണാത്ത അപ്രാപ്യമായ വിദേശ വീഥികളിലേക്ക് ഇത് തലമുറകളായി ജീവിതാസക്തിയുടെ പുതിയ സൂത്രവാക്യങ്ങൾ ഒരുക്കി നമ്മളെ മാടി വിളിച്ച് കൊണ്ടേ ഇരിക്കുന്നു.ഒരു തരത്തിൽ അത് അവസാനിക്കാനിടയില്ലാത്ത യാത്രയാണ്.

ബ്ലെസിയുടെ പളുങ്ക് എന്ന സിനിമയുടെ മോനിച്ചൻ ഗ്രാമീണത കൈവിട്ട് നഗരത്തിലേക്ക് ചെന്ന് രാപാർക്കാൻ ഒരുങ്ങുന്ന നായകനാണ്.പട്ടണം അപഹരിക്കുന്ന കുടുംബത്തിന്റെ അരക്ഷിതാവസ്ഥയെ കുറിച്ച് വാചാലമാകുന്നതെന്ന് തോന്നാമെങ്കിലും ചിത്രം ഗ്രാമമെന്ന പഴയ കുടുംബത്തിന്റെ പാരമ്പര്യ സ്ഥലികളെ ഉപേക്ഷിച്ച പോയ നായകന്റെ കുടിയേറ്റത്തെ കുറ്റപ്പെടുത്തുകയാണ്.തന്മാത്രയിൽ തന്റെ പ്രതാപ കാലത്ത് നഗരത്തിന്റെ പലമുഖങ്ങളെ ആവേശത്തോടെ പുൽകുന്ന കഥാനായകൻ തുടർന്ന് “കഥയില്ലാതെയാകുമ്പോൾ” ഗ്രാമത്തിലേക്ക് മടങ്ങുന്നത് ചേർത്ത് വായിക്കാം.

ഭാര്യ.,മക്കൾ, പിന്നെ ഞാനും എന്ന പതിവു കണ്ണികളെ കൈവിട്ട് നഗരത്തെ അറിയാനൊരുങ്ങുന്ന നായകൻ തന്റെ പരിശുദ്ധി നഷ്ടപ്പെടുത്തുന്നു..അതിനു കൊടുക്കേണ്ടി വന്ന വില “തന്മാത്ര”യിൽ ഭദ്രമായി അടച്ചിട്ട കുടുംബം എന്ന സുരക്ഷാകവചത്തിന്റെ വാതിലുകൾ അയാളറിയാതെ ഒന്നൊന്നായി തുറന്ന് പോകുന്നു എന്നതാണ്.താൻ ഇവിടെ ഒരിക്കലും ചേരാത്ത കണ്ണി മാത്രമാണെന്ന് തിരിച്ചറിയുന്ന നായകൻ ഒരു പശുവിന്റെയും കിടാവിന്റെയും നിഷ്ക്കളങ്ക സ്നേഹം കണ്ട് താൻ നഷ്ടപ്പെടുത്തിയ കുടുംബ ഭദ്രതയെ കുറിച്ച് വേദനിക്കുന്നിടത്ത് ചിത്രം അവസാനിക്കുകയാണ്,യാത്ര തുടങ്ങിയിടത്തേക്ക് തന്നെ മടങ്ങുവാനും കുടുംബമെന്ന പളുങ്കു പാത്രത്തിന്റെ നൈമല്യം നഗരം നിന്നെ വളയുന്നതിനു മുൻപെ തിരിച്ച് പിടിക്കുവാനും സാധാരണ പ്രേക്ഷകനോട് ചിത്രം പറയാതെ പറഞ്ഞ് പോകുന്നു..

തീവ്രമായ ഭ്രമകല്പന ഒരുക്കിയ ഭ്രമരം,എന്നാൽ ജീവിതത്തിൽ പിടി കൊടുക്കാത്ത ആകസ്മികതകൾ കൊണ്ട് പൊതിയുന്ന ഒരു മനുഷ്യന്റെ കഥ പറയുന്നു.തന്റെതല്ലാത്ത തെറ്റ് കൊണ്ട് ലോകത്തിന്റെ മുൻ നിരയിൽ നിന്ന് തുടർച്ചയായി പലായനം ചെയ്യാൻ വിധിക്കപ്പെട്ടവനാണ് നായകൻ.അയാൾ അഭയം കണ്ടെത്തുന്നത് തന്നെ വല്ലാതെ സ്നേഹിക്കുന്ന ഭാര്യയിലും,പെൺകുഞ്ഞിലുമാണ്.അവർക്ക് മുകളിലെ ചെറിയ ആകാശത്തിൽ അയാൾ സന്തുഷ്ടനായിരുന്നു.പക്ഷെ വിധി അവിശ്വസനീയതയായി വീണ്ടും കടന്ന് വരുമ്പോൾ കുടുംബം ഉലയുകയും തകരുകയും ചെയ്യുന്നു.
ബ്ലെസിയുടെ സ്ത്രീ കഥാപാത്രങ്ങളിൽ ഒരാൾ ആദ്യമായും,(ഇതു വരെ ഉള്ളതിൽ അവസാനമായും) തന്റെതായ ഒരു തീരുമാനമെടുക്കുന്നത് ഭ്രമരത്തിൽ കാണാനായി.തന്റെ ഭർത്താവ് ഒരു കൊലയാളി(?) ആണെന്ന് തിരിച്ചറിയുന്ന ദിവസം തന്നെ അവൾ കുഞ്ഞുമായി ജീവനൊടുക്കുന്നു.സത്യത്തിൽ ശിവൻകുട്ടിയുടെ ജീവിതത്തിൽ പ്രണയത്തിന്റെ ആദ്യാവസാന മധുരം വിരൽതുമ്പിൽ പകർന്നിരുന്ന(ഭ്രമരത്തിലെ ഗാനരംഗം തീർക്കുന്ന റോമാന്റിക് ഫീൽ ഓർക്കുക) അവൾക്ക് കുടുംബം വിട്ട് പോകാനോ,അയാളില്ലാതെ ജീവിക്കാനോ കഴിയില്ല തന്നെ,അയാളോടുള്ള പ്രണയം അവളെ സംബന്ധിച്ച് അവസാനത്തേതായിരിക്കണം. ജീവിതത്തിനു പുറത്തേക്ക് ചുവട് വെച്ച് അവൾ അത് അവസാനിപ്പിക്കുന്നു,
തകരുന്ന കുടുംബം ശിവൻ കുട്ടിയെ(ബ്ലെസിയുടെ നായകനെ?) സംബന്ധിച്ച് ജീവിതത്തിന്റെ അവസാനമാണ്,പിന്നെ അയാൾ അറിയുന്നതും അനുഭവിക്കുന്നതും ചെന്ന് പറ്റാൻ ഇടമില്ലാതായ വണ്ടുകളുടെ അലക്ഷ്യമായ ഭ്രമണപഥങ്ങളാണ്


ബ്ലെസിയുടെ ആക്ഷൻ സിനിമയെന്ന ലേബലിൽ ,കുടുംബം എന്ന നാലതിരിനു പുറത്തേക്ക് ക്യാമറ കടന്ന് ചെന്ന സിനിമയായിരുന്നു കൽക്കട്ടാ ന്യൂസ്.പക്ഷെ ലളിതമായ സമവാക്യങ്ങൾ കൊണ്ട് സദാചാര നിർമ്മിതികളുടെ ഉടവ് തട്ടാത്ത ഉപരിപ്ലവമായ നായികാ-നായക പ്രണയത്തിലേക്ക് അത് കൊണ്ട് ചെന്നെത്തിക്കുകയാണ് ബ്ലെസി വീണ്ടും ചെയ്തത്.
വിവാഹം എന്ന ചതിയിലൂടെ കൽക്കത്തയുടെ ചുവന്ന തെരുവിലേക്ക് വലിച്ചെറിയപ്പെട്ട നായിക ശരീരത്തിനും,മനസ്സിനും ഒരു പോറൽ പോലും ഏൽക്കാതെ മഞ്ഞ് തുള്ളിയുടെ വിശുദ്ധിയുമായി നായകന്റെ ജീവിതത്തിലേക്ക് കടന്ന് വരുന്നു. മറിച്ച് സംഭവിച്ചിരുന്നെങ്കിൽ നായകൻ അവളെ സ്വീകരിക്കുമായിരുന്നോ എന്നത് ചോദ്യചിഹ്നമാണ്.ഒരു പക്ഷെ ബ്ലെസിയുടെ കഥയിൽ അവൾ ജീവിതത്തിലേക്ക് തന്നെ തിരിച്ച് വരാതിരിക്കാനാണ് സാധ്യത..
അന്നത്തെ വർത്തമാനകാല യാഥാർത്ഥ്യത്തിൽ ചാരിത്ര നഷ്ടത്തിന്നപ്പുറം പെണ്ണിനു ജീവിതമില്ല എന്നയിടത്ത് നിന്ന് നായികയോട് ഇനിയും നമുക്ക് രാപാർക്കാൻ പ്രണയത്തിന്റെ മുന്തിരിത്തോപ്പുകൾ ബാക്കിയുണ്ടെന്ന് മൊഴിഞ്ഞ് ജീവിതത്തിലേക്ക് അവളെ തിരിച്ച് വിളിച്ച പത്മരാജന്റെ നായകനെ ഓർക്കാം..(നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ)


പ്രണയം എന്ന ചലചിത്രം ബ്ലെസിയുടെ വ്യത്യസ്ഥമായ വിഷയമായി മാറുന്നത് അത് ഇത് വരെ പ്രകടമായിരുന്ന ഏകതാനതയിൽ നിന്ന് വിട്ട് മാറി കുടുംബത്തിനു പുറത്തുള്ള പ്രണയത്തെ കുറിച്ച് വാചാലമാകുന്നു എന്നതിലായിരുന്നു.പ്രണയിച്ച് വിവാഹിതരാകുകയും,ആ ബന്ധം വേർപെടുകയും ചെയ്തിട്ടും ഭ്രമരത്തിലും പളുങ്കിലും കഥ പറഞ്ഞ് നിർത്തിയ കുടുംബത്തിന്റെ തകർച്ചയിൽ നിന്നാണ് “പ്രണയം” തുടങ്ങുകയും തുടരുകയും ചെയ്യുന്നത്.


പക്ഷെ പലരും പറഞ്ഞ് ക്ലീഷെ ആയി മാറിയ ആകസ്മികമായ വാർദ്ധക്യ കാല സമാഗമം എന്ന ഇതിവൃത്തം ഉള്ളു പൊള്ളയായ ദാർശനികത കലർത്തി അവതരിക്കുക മാത്രമാണ് പ്രണയം ചെയ്യുന്നത്. നായകനെയും നായികയെയും ചേർത്തു വെക്കുന്നത് യൗവ്വനത്തിന്റെ അഭിനിവേശമായി ഉയരുന്ന പ്രണയമാണ്. മതവും മറ്റൊരർത്ഥത്തിൽ കുടുംബവും ഉയർത്തുന്ന മതിലുകൾക്ക് പുറത്ത് കടന്നുവെന്ന് പറയുന്ന ബന്ധം.പക്ഷെ കുടുംബം എന്ന വാർപ്പ് മാതൃക സൃഷ്ടിക്കാതെ തകരുന്നു,തകർച്ചയുടെ കാരണം വിശ്വസനീയമായ രീതിയിൽ ചിത്രം പറയുന്നില്ല.
കുടുംബം എന്ന നാലതിരുകൾ സൃഷ്ടിച്ചെടുത്ത സദാചാര നിർമ്മിതികളിൽ ഒന്നിനെയും ഉലയ്ക്കാതിരികുക എന്ന പതിവ് രീതി പ്രണയത്തിലും തുടരുന്നുണ്ട്.ഗ്രേസിനെയും അച്യുതമേനോനെയും മനസ്സിലാക്കാൻ മാത്യൂസ് എന്ന ഫിലോസഫി പ്രൊഫസർക്ക് കഴിയുന്നുണ്ടെങ്കിലും ഒരു പരിധി വരെ അയാളെ അതിനു പ്രേരിപ്പിക്കുന്നതും,പാകപെടുത്തുന്നതും ചലനരഹിതമായ തന്റെ ശരീരം എന്ന ബലഹീനത കൂടിയാണ്.തന്റെ മനസ്സിന്റെ ദൃഡത മാത്യൂസ് ശരീരത്തിലും സൂക്ഷിച്ചിരുന്നെങ്കിൽ കഥ മറ്റൊന്നാകുമായിരുന്നു.ഗ്രേസിനെയും അച്യുത മേനോനെയും കാരുണ്യത്തോടെയും,സ്നേഹത്തോടെയും നോക്കി കണ്ട മധ്യവർഗ്ഗ സദാചാരത്തിന്റെ സുവിശേഷകനായ പ്രേക്ഷകൻ ലംഘിക്കപ്പെടുന്ന സദാചാരത്തിന്റെ സീമകളെ കുറിച്ച് വിളിച്ച് പറയുമായിരുന്നു.അത് ഒരിക്കലും ആഗ്രഹിക്കാത്ത ബ്ലെസിയുടെ മാത്യൂസ് എന്ന കഥാപാത്ര സൃഷ്ടി വിദഗ്ദ്ധമായി അതിനു തടയിടുന്നു.

രോഗഗ്രസ്തനായ ഭർത്താവിനെ ശുശ്രൂഷിച്ച് അദ്ദേഹത്തിന്റെ മരണത്തിനു ശേഷം മരിക്കാൻ തയ്യാറാകുന്ന “മോറൽ” ഭാര്യയാണ് താൻ എന്ന് ഗ്രേസ് ഒരിടത്ത് പറയുന്നുണ്ട്. അത്തരത്തിൽ മതവും,കുടുംബവും നിലനിർത്തുന്ന അതിരുകളിൽ പറഞ്ഞ് തീർക്കേണ്ടതാണ് അവളുടെ കഥ. ഗ്രേസിനെ ആദ്യ ഭർത്താവിലുണ്ടായ മകൻ അമ്മയെന്ന് വിളിക്കുകയും,സ്വീകരിക്കുകയും ചെയ്യുന്നതോടെ ഒരേ സമയം ജീവിച്ചിരിക്കുന്ന രണ്ട് പേരുടെ പ്രണയിനിയും രണ്ട് കുടുംബങ്ങൾക്കിടയിലെ മാതൃ ബിംബവും ആയി തീരുന്ന അവർ മതം അനുശാസിക്കുന്ന ഏകപത്നീ വൃതമെന്ന “മൊറാലിറ്റി”യുടെ പുറത്താവുന്നു.അച്യുതമേനോനെ പ്രണയത്തിന്റെ സഹജമായ വൈകാരിതയോടെ സ്പർശിക്കുകയും ചെയ്യുന്നതോടെ ഗ്രേസിന്റെ കഥയും പ്രണയവും അവസാനിക്കുകയാണ്…..

മോഹൻലാലിന്റെ മാത്യൂസും,അനുപം ഖേറിന്റെ അച്യുതമേനോനും സിനിമയിലെ അഭിനയവും, കഥാപാത്ര പ്രകൃതവും കൊണ്ട് വാർദ്ധക്യത്തെ മനോഹരമായി വരച്ചിടുന്നുണ്ട് .പക്ഷെ ജയപ്രദ എന്ന നടി സ്ക്രീനിൽ അവശേഷിപ്പിക്കുന്നത് മധ്യ വയസ്സിന്റെ രൂപകം മാത്രമാണ്.അച്യുതമേനോന്റെ കൊച്ച് മകൾക്ക് അവർ പ്രായം പിന്നിടാത്ത “ആന്റി” മാത്രമാകുന്നു. ഇന്നും ഒരു മുടി പോലും നരച്ചിട്ടില്ല എന്ന പ്രത്യക്ഷമായ പ്രസ്താവന കൊണ്ട് സിനിമയിൽ അവർ തളച്ചിടപ്പെടുന്നത് മധ്യവയസ്സ് പിന്നിടാത്ത ആകർഷകമായ സ്ത്രീ ശരീരത്തിലാണ്. ജീവിതത്തോടുള്ള അവസാനിക്കാത്ത പ്രണയമെന്നോ,മാംസനിബദ്ധമല്ലാത്ത സ്നേഹമെന്നോ നിർവചിക്കാമെങ്കിലും ഗ്രേസ് എന്ന സുന്ദരമായ സ്ത്രീ ശരീരത്തോട് തോന്നുന്ന പുരുഷ കാമന മാത്രമായി പ്രണയം സിനിമയിൽ മാറി പോകുന്നു.
***
ഒരു വാരാന്ത്യത്തിൽ “പ്രണയം” കാണാൻ തീയേറ്ററിലേക്ക് കൂട്ട് വിളിച്ചവരൊന്നും വന്നില്ല.എന്റെ ഒരു പ്രിയ സുഹൃത്ത് സത്യസന്ധമായി പറഞ്ഞത് ബ്ലെസിയുടെ മറ്റൊരു ട്രാജഡി കൂടി താങ്ങാൻ വയ്യ എന്നായിരുന്നു!!.


നമ്മൾ തിരിച്ചറിയാൻ ഇടയില്ലാത്ത വിദൂര ജീവിതങ്ങളുടെ ചിത്രമൊരുക്കിയ കാഴ്ചയും,ജീവിതത്തിന്റെ അനിശ്ചിതത്വം ഓർമ്മപ്പെടുത്തിയ തന്മാത്രയും ഇഷ്ടപ്പെട്ടിരുന്ന ഞാൻ പക്ഷെ പ്രണയം കണ്ടിരുന്നപ്പോൾ ദുരന്തപര്യവസായി ആകരുതെന്ന് വെറുതെ ആഗ്രഹിച്ചിരുന്നു.
പ്രണയം തുടരുന്നുവെന്ന മനോഹരമായ ഇമേജിൽ മാത്യൂസിനെ വീൽചെയറിൽ ഇരുത്തി നടന്ന് നീങ്ങുന്ന അച്യുതമേനോൻ ബാക്കിവെക്കുന്നത് ജീവിതത്തോടുള്ള പ്രണയം ആണെന്ന് കരുതാം.

കഥയിൽ ചോദ്യമില്ലെങ്കിലും “ഗ്രേസ് ജീവിച്ചിരുന്നെങ്കിൽ?” എന്നത് ഇവിടെ കഥയില്ലാത്തൊരു ചോദ്യമല്ല മറിച്ച് അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ ഇതു വരെ തുടർന്ന് പോന്ന മതവും അത് സൃഷ്ടിക്കുന്ന യാഥാസ്ഥിതികമായ മാതൃകാ സദാചാര ബോധവും ലംഘിക്കാൻ ഒരുങ്ങിയ കഥാപാത്രസൃഷ്ടി ആയി മാറുമായിരുന്നു.അന്യ മതസ്ഥനെ സ്വീകരിക്കുന്ന നായിക,തിരിച്ച് വരികയും കുടുംബം സൃഷ്ടിച്ച തടവറയിൽ ഒതുങ്ങുകയും ചെയ്ത ശേഷം അതിനു പുറത്തേക്ക് വെക്കുന്ന ആദ്യ ചുവടിൽ തന്നെ എന്നെന്നേക്കുമായി ഒടുങ്ങുന്നതോടെ പ്രണയത്തെ കുറിച്ച് പുതിയതായി ഒന്നും തനിക്ക് പറയാൻ ബാക്കിയില്ലെന്ന് ബ്ലെസി തെളിയിക്കുന്നു..സമൂഹത്തിൽ എഴുതപ്പെട്ട ശരിതെറ്റുകളുടെ നേർവഴികൾ ഉപേക്ഷിക്കുന്ന കഥാപാത്രങ്ങൾ പാരമ്പര്യത്തിന്റെ വാതിലുകൾ തുറന്ന് പുറത്ത് വരുന്ന “അരാജകത്വം” സംവിധായകൻ ആഗ്രഹിക്കുന്നില്ലെന്ന് തോന്നുന്നു.


പതിവ് കുടുംബ സങ്കല്പങ്ങളെ ഉടയ്ക്കാൻ മടി കാണിക്കുന്ന ബ്ലെസിയുടെ തുടർ കാഴ്ചകളിൽ പ്രണയം ബാക്കി വെക്കുന്നത് ബന്ധങ്ങളുടെ ശരിതെറ്റുകൾ തേടി സഹജമായ പാരമ്പര്യ ബോധത്തിന്റെ ഉള്ളിലേക്ക് തുറന്നടയുന്ന വാതിലുകൾ മാത്രമാണ്.

ചിത്രത്തിനു കടപ്പാട്: ഗൂഗിൾ