Thursday, June 23, 2011

പലായനത്തിന്റെ മുഖഭാവങ്ങൾ

“God must have been on leave during the Holocaust“

(Simon Wiesenthal)


ലോകത്തെ എല്ലാ അഭയാർത്ഥികൾക്കും ഒരു മുഖമാണെന്ന് തോന്നിച്ചത് “വാസ്തുഹാര“ എന്ന കഥയാണ്.

നന്നെ ചെറുപ്പത്തിലെ വായിച്ച ഈ പുസ്തകത്തിലെ “സ്നേഹമുള്ളവരുടെ ഉപദേശം എപ്പോഴും പിന്തിരിപ്പൻ (reactionary) ആയിരിക്കും” എന്ന പ്രപഞ്ച സത്യം മനസ്സിൽ എവിടെയൊക്കെയോ ചെന്നു തട്ടിയിരുന്നു..

സിവി ശ്രീരാമൻ എഴുതിയ “വാസ്തുഹാര” എന്ന കഥ പുനർവായനകളിലെല്ലാം എന്നെ ഓർമ്മിപ്പിച്ചത് ജീവിതം തേടുന്ന അപരിചിതരായ ഒരു കൂട്ടം മനുഷ്യരുടെ അവസാനിക്കാത്ത യാത്രകളെയാണ്.

എന്നാൽ “The Pianist “ എന്ന റൊമാൻ പൊളാസ്കി ചിത്രം പറഞ്ഞത് ജീവിതത്തിൽ നിന്ന് മരണത്തിലേക്ക് പലായനം ചെയ്ത പോയ ഒരു ജനതയുടെ കഥയാണു.അതിലുപരി മരണത്തിൽ നിന്ന് ജീവിതത്തിലേക്ക് തന്റെ മെലിഞ്ഞു നീണ്ട കൈവിരലുകളിൽ സംഗീതത്തിന്റെ സാന്ത്വനവുമായി മടങ്ങി വന്ന ഒരു പിയാനിസ്റ്റിന്റെ ജീവിതവും..




അവധി ദിവസത്തിന്റെ ആലസ്യത്തിലേക്ക് കണ്ണടയ്ക്കും മുൻപാണു അവിചാരിതമായി ലാപ് ടോപ്പ് നിവർത്തി The Pianist” എന്ന സിനിമ കണ്ട് തുടങ്ങിയത്.പാതി മയക്കത്തിലായിരുന്ന എന്റെ കണ്മുന്നിൽ തെളിഞ്ഞത് പഴയൊരു പോളീഷ് നഗരമാണ്.

എപ്പോഴോ ഉറക്കം കളഞ്ഞ് ഞാൻ സിനിമയിലേക്ക് മുഴുകി,പിന്നെ അത് അവസാനിക്കുന്നത് വരെ കണ്ണിലും മനസ്സിലും സിനിമ മാത്രമായിരുന്നു.പക്ഷെ യഥാർത്ഥ കഥയും,സിനിമയും ആരംഭിക്കുന്നത് അത് അവസാനിക്കുന്നിടത്ത് അനുവാചകന്റെ മനസ്സിലാണു എന്ന വാചകം യാഥാർത്ഥ്യമാക്കി കഥയും കഥാപാത്രവും ദിവസങ്ങളോളം എന്നെ പിന്തുടർന്നു.ഇത് എഴുതുമ്പോൾ പോലും അഡ്രിയൻ ബ്രൂഡി എന്ന നടന്റെ നീണ്ട നാസികയും, വികാരങ്ങൾ അനവരതം കയറിയിറങ്ങിയ കണ്ണുകളും മനസ്സിൽ നിന്ന് മായുന്നില്ല.ഒരു നിസ്സഹായ മനുഷ്യന്റെ അതിജീവനത്തിന്റെ യാത്ര കൊണ്ട് ഈ മഹാനടൻ തിരശ്ശീലയിൽ രേഖപ്പെടുത്തിയത് അഭിനയത്തിന്റെ അപാരതയാണു..വെറുതെ സ്ക്രീനിൽ നിൽക്കുന്നിടത്തു പോലും സ്പിൽമാൻ എന്ന മനുഷ്യന്റെ കണ്ണുകൾ നമ്മളൊരിക്കലും അറിയാനിടയില്ലാത്ത അഭയാർത്ഥികളുടെ അവസാനിക്കാത്ത കഥകൾ പറയുന്നുണ്ട്..

സ്വപ്നങ്ങളും,ആവലാതികളുമായി ജീവിക്കുന്ന ഒരു സാധാരണ ജൂത കുടുംബം. പിയാനിസ്റ്റായി ജീവിതം തള്ളി നീക്കുന്ന സ്പീൽമാൻ എന്ന സംഗീതജ്ഞന്റെ ജീവിതവും,കഥയുമായി സിനിമ നീങ്ങുന്നു.

1939, നാസി ജർമ്മനിയുടെ അധിനിവേശം പോളണ്ടിനെ തകർത്ത് കളയുന്നു.പരാജയപ്പെട്ട ഒരു ജനതയെ ഹിറ്റ്ലർ പക്ഷെ വെറുതെ വിടുന്നില്ല,ജുത വംശത്തെ ഉന്മൂലനം ചെയ്യാൻ പുറപ്പെട്ട ജർമ്മൻ പട്ടാളം ചോരയും നീരുമുള്ള മനുഷ്യരെ ജീവിതത്തിൽ നിന്ന് തന്നെ ആട്ടി തെളിച്ച് കൊണ്ട് പോകുന്നു..

പോളിഷ് റേഡിയോയിൽ പിയാനിസ്റ്റായ സ്പീൽമാനും കുടുംബവും ജർമ്മൻ കാരുടെ നടുക്കുന്ന ക്രൂരതയ്ക്ക് സാക്ഷിയാവുന്നു.സമൂഹത്തിലെ സാമാന്യവും മാന്യവുമായ ജീവിതം നയിച്ചിരുന്ന ജൂത കുടുംബങ്ങൾക്ക് കൈയിൽ വെക്കാവുന്ന പണത്തിനു ആദ്യം നിയന്ത്രണങ്ങളുണ്ടാവുന്നു,തുടർന്ന് തിരിച്ചറിയുന്നതിനു വേണ്ടി കൈയിൽ ബാഡ്ജ് ധരിക്കാൻ അവർ നിർബന്ധിക്കപ്പെടുന്നു.ഒന്നിനു പിറകെ ഒന്നായി കടന്ന് വരുന്ന ദുരന്തങ്ങൾ ജൂതൻമാർ നിശബ്ദരായി ഏറ്റുവാങ്ങാൻ വിധിക്കപ്പെടുന്നു.

എക്സ്ടെർമിനേഷൻ ക്യാമ്പ് എന്ന് ജർമ്മൻകാർ വിളിക്കുന്ന മരണത്തിന്റെ കൂടാരങ്ങളിലേക്കാണ് പടി പടിയയി തങ്ങൾ നയിക്കുപ്പെടുന്നതെന്ന് തിരിച്ചറിയുന്ന സ്പിൽമാൻ തന്നെയും കുടുംബത്തെയും രക്ഷിക്കാൻ തന്റെ സമൂഹത്തിലെ സ്വീകാര്യത മുഴുവൻ ഉപയോഗിച്ച് ശ്രമിക്കുന്നുണ്ടെങ്കിലും പരാജിതനാവുന്നു.

ആയിരക്കണക്കിനു മനുഷ്യർക്കും,നൂറു കണക്കിനു ജൂത കുടുംബങ്ങൾക്കുമൊപ്പം നീട്ടി പിടിച്ച ജർമ്മൻ തോക്കുകൾക്ക് മുന്നിൽ സ്പീൽമാനും കുടുംബവും ഒരിടത്ത് തളച്ചിടപ്പെട്ടു.മരണത്തിന്റെ അവസാന ചൂളം വിളി മുഴക്കി റെയിൽ കാറുകൾ കടന്ന് വരുന്നത് കാത്ത് അവർ ഇരുന്നു.കുടുംബാംഗങ്ങളോടൊപ്പം അവസാനത്തെ യാത്രയിലേക്ക് നടന്ന് കയറവെ,പരിചയക്കാരനായ ഒരു ജൂത പോലീസുകാരൻ സ്പീൽമാനെ രക്ഷിക്കുന്നു..അച്ഛനും,അമ്മയും സഹോദരങ്ങളും പട്ടാളക്കാർക്കിടയിൽ നടന്ന് മറയുന്നത് നിസ്സഹായനായി നോക്കി നിന്ന സ്പിൽമാനോട് രക്ഷിതാവായ പോലിസുകാരൻ ജീവിതത്തിലേക്ക് തിരിച്ച് പോകാൻ വിളിച്ചു പറയുന്നു.

ഓടാൻ തുടങ്ങിയ അയാളെ “Don’t Run” എന്ന വാചകം പിടിച്ച് നിർത്തുന്നു.തുടർന്നങ്ങോട്ട് ഓടാനോ,നടക്കാനോ,പരസ്യമായി തലയുയർത്തി നിൽക്കാനോ കഴിയാത്ത പാരതന്ത്ര്യത്തിന്റെ ലോകത്തേക്ക് താൻ വീണു കഴിഞ്ഞുവെന്ന് സ്പിൽമാൻ തിരിച്ചറിയുന്നു.

തുടർന്ന് ജർമ്മൻ ലേബർ ക്യാമ്പിലെത്തുന്ന സ്പീൽമാൻ പ്രതി വിപ്ലവത്തിനു കോപ്പ് കൂട്ടുന്ന ജൂതന്മാരെ സഹായിക്കുന്നുണ്ട്.ഒടുവിൽ അവിടെ നിന്ന് രക്ഷപ്പെട്ട് ജൂതരല്ലാത്ത ചില മിത്രങ്ങളുടെ സഹായത്തോടെ നിർബന്ധിതമായ ഏകാന്തതയിൽ അയാൾ ചേക്കേറുന്നു.ഒരു താമസക്കാരി ജൂതൻ ആണെന്ന് തിരിച്ചറിയുന്നതോടെ അവിടെ നിന്ന് സ്പീൽമാൻ രക്ഷപ്പെടുന്നു.വീണ്ടും ജർമ്മൻ മിലിട്ടറി ഹോസ്പിറ്റലിന്നടുത്ത് ഒളിച്ച് താമസിക്കുന്ന സ്പീൽമാനു കൂട്ടായി ആ മുറിയിൽ ഉണ്ടായിരുന്നത് ഒരു പിയാനോ മാത്രമായിരുന്നു.
അദ്ദേഹത്തെ പരിരക്ഷിക്കാൻ സുഹ്രുത്തുക്കൾ ഏല്പിച്ച വ്യക്തി അത് ചെയ്യതിരുന്നതോടെ പട്ടിണിയും മഞ്ഞപ്പിത്തവും ബാധിച്ച് അയാൾ കിടപ്പിലാവുന്നുണ്ട്.കലാപം നടത്താൻ ഒരുങ്ങിയ ജൂതന്മാർ മുഴുവൻ വെടിയേറ്റു വീഴുന്നതും,ശേഷിച്ചവരെ ഇല്ലായ്മ ചെയ്യാൻ ജർമ്മൻ പട്ടാളം ഒരുങ്ങുന്നതിനും മുറിയിലെ ജനാലയ്ക്കരികിൽ നിന്നു കൊണ്ട് അയാൾ സാക്ഷിയാവുന്നു.

ജർമ്മൻ പീരങ്കികൾ തകർത്ത ചുവരുകൾക്കിടയിലൂടെ ഭാഗ്യം കൊണ്ട് മാത്രം അയാൾ രക്ഷപ്പെടുന്നു.തകർന്ന് തരിപ്പണമായ നഗരാവശിഷ്ടങ്ങൾക്കിടയിൽ ആഹാരം അന്വേഷിച്ച് അദ്ദേഹം നടക്കുന്നുണ്ട്.

കഠിനമായ ഏകാന്തതയിൽ ഒരിടത്തിരുന്ന് അദ്ര്ശ്യവും സാങ്കല്പികവുമായ ഒരു പിയാനോയിൽ വിരലോടിക്കുന്ന സ്പീൽമാൻ അപ്പോഴും തന്നെ ജീവിതത്തിന്റെ ആസക്തികളിലേക്ക് തിരിച്ച് വിളിക്കുന്ന സംഗീതത്തിന്റെ പ്രലോഭനങ്ങൾ വരച്ചിടുന്നുണ്ട്.

വിശപ്പ് മാറ്റാൻ വഴി അന്വേഷിച്ച് ഒരു പഴച്ചാറിന്റെ തകര ടിൻ തുറക്കാനുള്ള ശ്രമത്തിൽ സ്പീൽമാൻ ചെന്ന് പെടുന്നത് ഹോസൻഫീൽഡ് എന്ന ജർമ്മൻ ജനറലിനു മുന്നിലാണ്.താൻ ഒരു ജൂതനും പിയാനിസ്റ്റുമാണ് എന്ന് പറയുന്ന സ്പീൽമാനോട് ജർമ്മൻ കാരൻ ആവശ്യപ്പെട്ടത് അവിടെ ഇരുന്ന ഒരു പിയാനോ വായിക്കാനാണ്.

ദിവസങ്ങളോളം പട്ടിണി കിടന്ന് മെലിഞ്ഞുണങ്ങിയ ദേഹവുമായി സ്പീൽമാൻ,ഒരു ടിൻ പഴച്ചാർ തുറന്ന് വെച്ച് മുന്നിൽ കണ്ട പിയാനോയിൽ അത് വരെ കാണാത്ത ആർത്തിയോടെ ഒരു സംഗീത ശില്പം തന്നെ ചമയ്ക്കുന്നു.റൊമാൻ പൊളാസ്കി എന്ന വിശ്വ സംവിധായകന്റെ കൈയ്യൊപ്പ് പതിഞ്ഞ രംഗമാണ് ഇത്.

സിനിമ സംവിധായകന്റെ കലയാണ് എന്ന് നിസ്സംശയം പറയാമെങ്കിലും ഈ ഒരു രംഗത്ത് തിരശ്ശീലയിലെ കഥാപാത്രമായ ഹോസൻഫീൽഡിനെയും,തിരശ്ശീലയ്ക്ക് പുറത്ത് കാണികളെയും ത്രസിപ്പിച്ചിരുത്തുന്ന അഡ്രിയൻ ബ്രൂഡി എന്ന നടന പ്രതിഭ എന്തിനു ഒരു വേള ക്യാമറയ്ക്ക് പിന്നിലെ സാക്ഷാൽ സംവിധായകനെയും അതിശയിക്കുന്നുണ്ട്.

ഒരു ജർമ്മൻ പട്ടാളക്കാരനായി എന്ന തെറ്റൊഴിച്ച് നിർത്തിയാൽ ദുഷ്ടനോ ദുരാഗ്രഹിയോ അല്ലാതിരുന്ന ഹോസൻഫീൽഡ് സ്പീൽമാനെ ഒളിവിൽ കഴിയാൻ സമ്മതിക്കുന്നു എന്ന് മാത്രമല്ല അദ്ദേഹത്തിനു ഭക്ഷണം എത്തിച്ച് കൊടുക്കുകയും ചെയ്യുന്നുണ്ട്.

ഇതിനിടെ റഷ്യൻ ചെമ്പടയുടെ മുന്നിൽ ജർമ്മനി തകർന്നടിഞ്ഞതോടെ ആസന്നമായ സൈനിക പിൻമാറ്റത്തിനു മുൻപെ യാത്ര ചോദിക്കാൻ സ്പീൽമാനരികിലെത്തിയ ഹോസൻഫീൽഡ് പോളീഷ് റേഡിയായിൽ തുടർന്ന് താൻ സ്പീൽമാന്റെ സംഗീതം ശ്രവിക്കുമെന്ന വാഗ്ദാനത്തോടെ പിരിയുന്നു.

യുദ്ധാ‍വസാനം ലേബർ ക്യാമ്പുകളിൽ നിന്നും,തടവറകളിൽ നിന്നും തിരിച്ചെത്തുന്ന മ്ര്തപ്രായരായ ജൂതന്മാർ ഒരു മുള്ളുവേലിക്കകത്ത് യുദ്ധ തടവുകാരായി ശേഷിച്ച ജർമ്മൻ പട്ടാളക്കാരെ പകയോടെ ശകാരിക്കുകയു,തുപ്പുകയും അധിക്ഷേപിക്കുകയും ചെയ്യുന്നു.

മുള്ളു വേലിക്കരികിൽ നിന്ന് ഒരു പോളണ്ടുകാരൻ താൻ ഒരു വയലിനിസ്റ്റായിരുന്നുവെന്നും തന്റെ എല്ലാം നിങ്ങൾ കവർന്നെടുത്തുവെന്നും ജർമ്മൻകാരോട് വികാര നിർഭരമായി വിളിച്ച് പറയുന്നു.മുൻപെ കണ്ട ഹോസൻഫീൽഡ് എന്ന പട്ടാള ജനറലിന്റെ നിഴൽ മാത്രമായ ഒരു രൂപം അയാൾക്കരികിൽ ഓടിയെത്തി സ്പീൽമാനെ താ‍ൻ രക്ഷിച്ച കഥയും പറയുകയും കഴിയുമെങ്കിൽ തന്നെ രക്ഷിക്കാൻ അദ്ദേഹത്തോട് പറയണമെന്നും അപേക്ഷിക്കുന്നു

ഇതിന്നിടെ സ്വാതന്ത്ര്യത്തിലേക്കും പോളിഷ് റേഡിയോയിലെ സംഗീതലോകത്തേക്കും തിരിച്ചെത്തിയ സ്പീൽമാൻ മുന്നെ പറഞ്ഞ വയലിനിസ്റ്റ് അറിയിച്ചതനുസരിച്ച് അവിടെയെത്തുന്നുണ്ട്.പക്ഷെ ഹോസൻഫീൽഡ് അടക്കമുള്ള യുദ്ധ തടവുകാരെ അവിടെ നിന്ന് നീക്കം ചെയ്തിരുന്നു.

ജീവിതത്തിന്റെയും മരണത്തിന്റെയും ഇടയിലെ ഒറ്റയടിപ്പാതയിലൂടെ ഏകനായി കടന്ന് പോയ ഒരാൾ തിരിച്ച് വന്നതെന്തിനായിരിക്കാം..അറിയില്ല ഒരു പക്ഷെ അദ്ദേഹം മനുഷ്യൻ എന്ന വാക്കിന്റെ അർത്ഥം ശരിക്കും ഗ്രഹിച്ചിരിക്കണം

രണ്ടായിരാമാണ്ടിൽ വിജഗീഷുവായ മ്ര്ത്യു തന്നെ വീണ്ടും തേടി വരുന്നത് വരെ ഒരു ക്രൂരമായ നരമേധത്തിന്റെ ജീവിക്കുന്ന സാക്ഷിയായി,ജീവിതമെന്ന വാക്കിനു മഹത്തരമായ അർത്ഥം നൽകി സ്പീൽമാൻ ജീവിച്ചിരുന്നു. നാസി ഭീകരതയ്ക്കിടയിലും പോളണ്ടിലെ നിരവധി ജൂതന്മാരെ രക്ഷിക്കാനും സഹായിക്കാനും ശ്രമിച്ച സോഡൻഫീൽഡ് എന്ന് ജർമ്മൻ ക്യാപ്റ്റൻ സോവിയറ്റ് യുദ്ധ തടവുകാരനായി 1952 ൽ മരിച്ചു

അമാനുഷ്യനോ,അതുല്യനോ ആയി കൂട്ടത്തിൽ ജീവിക്കുക അല്ല മറിച്ച് മനുഷ്യനായി ജീവിക്കാനുള്ള അതിജീവനത്തിന്റെ പരിശ്രമങ്ങളാണു ഒരു വ്യക്തിയെ ജീവിതത്തിന്റെ നായകനാക്കുന്നതെന്ന് “ദ് പിയാനിസ്റ്റ്“ എന്ന ചിത്രം അടിവരയിടുന്നു

2002 ൽ പുറത്തിറങ്ങിയ “ദ് പിയാനിസ്റ്റ്” മികച്ച സിനിമയ്ക്കും,സംവിധായകനും,നടനുമുള്ള ആ വർഷത്തെ ഓസ്കാർ നേടിയിരുന്നു.തന്റെ നീണ്ട ശരീരം കൊണ്ട് സ്ക്രീനിൽ അക്ഷരാർത്ഥത്തിൽ ജീവിക്കുന്ന അഡ്രിയൻ ബ്രൂഡി അനശ്വരനായ ഒരു കഥാപാത്രത്തെയാണ് സ്രഷ്ടിച്ചത്..

***

പിയാനിസ്റ്റിൽ പട്ടാളക്കാർക്ക് മുന്നിലൂടെ തങ്ങളുടെ കൈയിൽ കൊള്ളുന്നതെല്ലാം എടുത്ത് ലക്ഷ്യമറിയാതെ നീങ്ങുന്ന ഒരാൾക്കൂട്ടമുണ്ട്.ജീവിതത്തിന്റെ നിറങ്ങൾക്കിടയിൽ നിന്ന് തിരിച്ച് വരാനാകാത്ത ഒരിടത്തേക്ക് നിശബ്ദരായി നീങ്ങുന്ന അവർ വേദനിപ്പിക്കുന്ന ദ്ര്ശ്യമാണ്.

അടുത്ത കാലത്ത് കണ്ട ഒരു വാർത്താ ചിത്രം ഓർമ്മ വരുന്നു.രണ്ടാം ലോക മഹായുദ്ധത്തിന്നിപ്പുറം സ്ഥാപിതമായ ജൂതരാഷ്ട്രത്തിന്റെ നീട്ടി പിടിച്ച മെഷീൺ ഗണുകൾക്ക് മുന്നിൽ നിന്ന് നിസ്സഹായരായി ചിതറിയോടുന്ന സ്ത്രീകളും കുഞ്ഞുങ്ങളുമടങ്ങിയ ഒരു ജനക്കൂട്ടം,

ഇരയും വേട്ടക്കാരനും എന്ന കഥാപാത്രങ്ങൾക്കു മാത്രമാണു മാറ്റം,പലായനത്തിന്റെ ചരിത്രം എവിടെയൊക്കെയോ ദുരന്തവും തുടർന്ന് പ്രഹസനവുമായി .അതിന്റെ ക്രൂരതയോടെ തന്നെ ആവർത്തിച്ചു കൊണ്ടേയിരിക്കുന്നു.

വിഭജനകാലത്ത് അവിഭക്ത ഇന്ത്യയിൽ,തുടർന്ന് ബംഗാളിൽ,പലസ്ഥീനിൽ,ചെച്നിയയിൽ,കാബൂളിൽ,ഗുജറാത്തിൽ,ശ്രീലങ്കയിൽ,ഇറാഖിൽ,ആഫ്രിക്കയിൽ

അഭയാർത്ഥികളുടെ മുഖം എന്നും ഒന്ന് തന്നെ,അവരുടെ അവസാനിക്കാത്ത പ്രയാണങ്ങളും എല്ലായ്പ്പോഴും ഒരിടത്തേയ്ക്കാണ്


Tuesday, April 5, 2011

മഴ നനയുന്നവർ…..

Now Join your hands.. and with your hands your hearts

(ഷേക്സ്പിയർ)

സൂര്യോദയത്തിനു മുൻപെ..(Before Sunrise) എന്ന ഇംഗ്ലീഷ് സിനിമ പറയുന്നത് യൂറോപ്പ്യൻ നഗരമായ വിയന്നയിൽ വെച്ച് ഒരു തീവണ്ടി മുറിയിൽ ഒരു ദിനം കണ്ടു മുട്ടുകയും,ഒരു ദിവസം ഒരുമിച്ച് ചിലവഴിച്ച് പിരിയുകയും ചെയ്യുന്ന രണ്ട് അപരിചിതരായ യാത്രികരുടെ കഥയാണു

വിയന്നയിലെ ക്ലബുകളിൽ,വിജനമായ നിരത്തുകളിൽ,ഏകാന്തമായ ശവകുടീരങ്ങളിൽ,നിശ്ചലമായ ഒരു തടാകത്തിന്റെ കരയിൽ എല്ലാം കൈ കോർത്ത് പിടിച്ച് സംസാരിച്ച് നടന്നു പോകുന്ന നായകനും നായികയും തങ്ങൾക്കിടയിൽ പ്രണയത്തിന്റെ അദ്ര്ശ്യമായ തൂവലുകൾ പൊഴിയുന്നുണ്ടെന്ന് അറിയുന്നത് യാത്ര പറഞ്ഞ് പിരിയുന്നതിനു തൊട്ട് മുൻപാണ്.. യാതൊരു കോലാഹലങ്ങളും,പ്രച്ഛന്നതയുമില്ലാതെ തന്നെ അവർ യാത്രയാവുകയും ചെയ്യുന്നു..

നായകനും,നായികയും തുടർന്ന് കണ്ടുമുട്ടുകയോ,ഒന്നാവുകയോ ചെയ്യുമോ? അത് സിനിമ പറയുന്നില്ല.വീണ്ടും രണ്ട് യാത്രകളിലേക്ക് അവർ വഴി പിരിയുന്നിടത്ത് കഥ അവസാനിക്കുകയാണു..

യാത്രയും,പ്രണയവും,രാത്രിയും ,ബാക്കിയാവുന്ന ചില വാക്കുകളുമായി കടന്നു പോകുന്ന മനോഹരമായ സിനിമ..

ഈ സിനിമയെ കൂറിച്ച് ഓർമ്മിപ്പിച്ചത് മറ്റൊരു തീവണ്ടി യാത്രയാണു. .

സൂപ്പർ ലോട്ടോ പോലെ അവസാന നിമിഷം കിട്ടിയ സൈഡ് ബെർത്തിൽ ഇനിയും വായിച്ച് തീരാത്ത പൌലോ കൊയ്ലോയിന്റെ നോവലുമായി ചാരിക്കിടന്നു. എന്റെ അഭിമുഖം ഇരുന്ന യാത്രക്കാരിയുടെ കണ്ണടയുടെ വലുപ്പം എന്നെ അത്ഭുതപെടുത്തി .അവർ മടക്കി വെച്ച ഒരു ഡയറിക്ക് പുറത്തിരുന്ന മൊബൈലിൽ നിന്ന് എൽറ്റൻ ജോണിന്റെ ശബ്ദം…….........

And it's no sacrifice
Just a simple word
It's two hearts living
In two separate worlds …….

ചലിച്ച് തുടങ്ങിയ ട്രെയിൻ എൽട്ടൺ ജോണിന്റെ ശബ്ദം പാതിയിൽ അപഹരിച്ചു..ഉറക്കത്തിന്റെ നീല വിരികളിലേക്ക് ഒതുങ്ങുന്നതിനു മുൻപെ. അടുത്തെത്തിയ ഒരു ചെറുപ്പക്കാരന്റെ ശബ്ദം എന്നെ അലോസരപ്പെടുത്തി..

“എക്സ്ക്യൂസ് മി,ഈ സീറ്റ് ഒന്നു എക്സ്ചേഞ്ച് ചെയ്യാമോ..എനിക്കും എന്റെ വൈഫിനും കിട്ടിയത് രണ്ട് കമ്പാർട്ട്മെന്റാണു..വൈഫിനു തീരെ സുഖമില്ല. ആ ബർത്ത് ഉപയോഗിക്കാം, .ബുദ്ധിമുട്ടില്ലെങ്കിൽ..പ്ലീസ് ടി ടി ആറിന്നോട് കൂടെ വന്ന അയാൾക്ക് സന്താഷത്തോടെ തന്നെ മാറി കൊടുത്തു.അയാൾ പറഞ്ഞ ഭാര്യയെ കണ്ടതുമില്ല.. പക്ഷെ അയാളുടെ മുഖം അപരിചിതമായി തോന്നിയില്ല.. എവിടെയോ അത് കണ്ട് മറന്നതു തന്നെ

തെല്ലിട വിസ്മയിച്ചു പോയി,. അതൊക്കെ ഇത്ര പെട്ടെന്ന് മറന്നതിൽ..എൻജിനീയറിങ്ങ് കഴിഞ്ഞ് ഒരു ജോലി ഉപേക്ഷിച്ച് മറ്റൊന്ന് അന്വേഷിച്ച് നടന്ന നാളുകളിലൊന്ന് . മഴയിൽ മുങ്ങിയ ഒരു അനുഭവമായിരുന്നു ആ ഇന്റർവ്യൂ നൽകിയത് നീണ്ട യാത്രയ്ക്കു ശേഷം ബസ്സിറങ്ങി നഗരത്തിലെ പ്രശസ്തമായ കോളേജിലേക്ക് ഉള്ള വഴി തിരയുന്നതിനിടയിലാണു മഴ ചതിച്ചത്..പ്ലാസ്റ്റിക് കവറുകൾക്കകത്ത് പൊതിഞ്ഞ് പിടിച്ചിരിന്ന സർട്ടിഫിക്കറ്റുകളും,ബയോഡാറ്റയും ഒഴിച്ച് ഞാൻ മഴയിൽ കുളിച്ച് പോയി.

കാമ്പസിന്നകത്തെ മുറികളിലൊന്നിലേക്ക് പടികൾ ഓടി കയറവെ ഞാൻ കുപ്പായം ഊരി പിഴിയാൻ മാത്രം നനഞ്ഞ് കുതിർന്നിരുന്നു..അഭിമുഖത്തിന്റെ ഊഴം കാത്ത് നിന്നവർ പേരു വിളിക്കുന്നത് കാത്തിരിക്കുന്നു. തല ഒന്നു തുവർത്താൻ കർച്ചീഫ് എടുക്കണ്ട സമയം വന്നില്ല എന്റെ പേരു വിളിക്കുന്നത് കേൾക്കാൻ..

ഇന്റർവ്യൂ പാനലിനു മുന്നിലേക്ക് കടന്ന് ചെന്ന ഉദ്യോഗാർത്ഥിയുടെ രൂപം കണ്ടാവണം അവർ അമ്പരന്നു,ഇരിക്കാൻ ആവശ്യപ്പെട്ടെങ്കിലും വേണ്ടെന്ന് പറയാനാണ് തോന്നിയത്. .ഈ അവസ്ഥയിൽ ഇരുന്നാൽ പിന്നെ വരുന്ന ആർക്കും ആ കസേരയിൽ ഇരിക്കേണ്ടി വരില്ല..എന്തായാലും നിന്ന നിൽ‌പ്പിൽ അവർ ചോദിച്ച ചോദ്യങ്ങൾ കൂടി കേട്ടപ്പോൾ എനിക്ക് സമാധാനമായിഎത്ര എക്സികൂട്ടീവ് വേഷത്തിൽ വന്നാലും ഇത് എനിക്ക് പറഞ്ഞിട്ടില്ല..സന്തോഷം..

വളരെ വലിയ കാമ്പസിനകത്ത് നടന്ന് കണ്ടു പിടിച്ച കാന്റീൻ കോളേജിനു യോചിക്കാത്ത തരത്തിൽ തീർത്തും ചെറുതായി തോന്നി. ചാറ്റൽ മഴക്കിടയിൽ കോളേജ് കാന്റീനിന്റെ ഒഴിഞ്ഞ കോണിൽ ഞാൻ ചായ ചൂടാറാതെ കുടിച്ചു.കോളേജ് ഏറെക്കുറെ വിജനമാണ്. കാമ്പസുകളിലെ.എല്ലാ ഏപ്രിലുകളും ചില വിടവാങ്ങലുകളുടെ മാസമാണു.പുതിയ ശിഖരങ്ങൾ തേടി പറക്കുന്ന ചില പക്ഷികൾ അവസാനത്തെ വാക്കുകൾ കൈമാറി ഒഴിയുന്നു.

അവിചാരിതമായി കേൾക്കേണ്ടി വന്ന വാചകങ്ങളിലെ തീവ്രവിഷാദമാണു എന്റെ മുന്നിൽ വന്നിരുന്ന അവരെ തന്നെ ശ്രദ്ധിക്കാൻ തോന്നിയത്..

“ഇല്ല.. ഇനി കഴിയുമെന്ന് തോന്നുന്നുണ്ടോ

ശ്രമിക്കാം ഇതു വരെ ഉള്ളതെല്ലാം മറക്കാൻ..

പക്ഷെ അത്ര പെട്ടെന്ന് കഴിയുമോ

മറന്നേ പറ്റൂ ജീവിതം നമ്മൾ ഒരുമിച്ച് കണ്ട സിനിമകൾ മാത്രമല്ലല്ലോ..“

ജീവിതത്തിന്റെ ഇടത്താവളങ്ങളിൽ വെച്ച് പ്രണയിച്ചവരെ കുറിച്ച് അകാരണമായ വിഷാദം തോന്നി..കാമ്പസിന്റെ ചുവരുകൾക്ക് പുറത്ത് എല്ലാ വഴികളും വിചിത്രമാണ്..സാഹചര്യങ്ങൾ അപരിചിതവും,അപ്രതീക്ഷിതവുമായ ജീവിതക്രമങ്ങൾ തീരുമാനിക്കുന്നു..

“ഇനിയൊരു മഴ നനയാൻ നീ കൂടെയുണ്ടാവില്ലല്ലോവരൂ“..കൈകോർത്ത് ഇറങ്ങി നടന്ന അവർക്ക് പിന്നിൽ മഴ ചിതറി വീണു..

രണ്ട് വർഷങ്ങൾക്കിപ്പുറം അവരിലൊരാളെ അവിചാരിതമായി വീണ്ടും കണ്ടത് വിശ്വസിക്കാനായില്ല..പക്ഷെ അവർക്കിടയിൽ തുടർന്ന് എന്തു സംഭവിച്ചുവെന്ന് അറിയാൻ തോന്നിയ ആകാംക്ഷ അടക്കേണ്ടി വന്നു.ആ ട്രെയിൻ യാത്ര അവസാനിക്കുന്നത് വരെ അയാളെ ഞാൻ വീണ്ടും കാണുകയുണ്ടായില്ല..

************

ഇത്തവണ ഒരു ഫെബ്രുവരി പതിനാലിന്റെ വാലന്റൈൻ കാഴ്ചകൾ നിറഞ്ഞ സായാഹ്ന യാത്രക്ക് എന്നെ നിർബന്ധിച്ച് വിളിച്ചത് ബാംഗ്ലൂരിലെ രാജസ്ഥാനി റൂം മേറ്റും ,സുഹ്രുത്തുമായ അബ്ദുൾ ഖാദിറായിരുന്നുലോകത്തെ സകല സുന്ദരിമാരെയും പ്രണയിക്കാൻ മാത്രം അളവിൽ റൊമാൻസ് മനസ്സിൽ സൂക്ഷിക്കുന്ന ഖാദിർ പറഞ്ഞ സമയം എനിക്ക് ജോലി കഴിഞ്ഞ് ഇറങ്ങാൻ കഴിഞ്ഞില്ല.

ഓഫിസിലെ ചെറിയ ക്യുബിക്കിളിലെ എന്റെ ഒരേ ഒരു ചങ്ങാതിയായ കമ്പ്യൂട്ടർ എന്റെ തിടുക്കം കണ്ടാവണം അന്ന് പലവട്ടം പണിമുടക്കി.. അവസാനത്തെ ഫയലും ക്ലോസ് ചെയ്ത് ഇറങ്ങവെ ഒരുപാട് വൈകിയിരുന്നു.

ഒരു ദിവസത്തിന്റെ ക്ഷീണം നിറയുന്ന കണ്ണുകളും,യാത്രയുടെ തിരക്കുമായി നിരനിരയായി കണ്ട ഓഫീസുകളിൽ നിന്നിറങ്ങി പലരും നടന്നു മറയുന്നു..

പക്ഷെ യാദ്രുശ്ചികതയുടെ വിസ്മയമായി കൈകോർത്ത് പിടിച്ച് എന്നെ കടന്ന് പോയവരിൽ രണ്ട് പേരെ തിരിച്ചറിയാൻ ഇക്കുറി അധികം വൈകിയില്ല..

ആശ്ചര്യം തോന്നി .

അവസാനത്തെ മഴയുടെ അരികുകളിലേക്ക് അന്നിറങ്ങി നടന്നവർക്കിടയിൽ ഇനിയും പെയ്തൊഴിയാത്ത മഴയെ കുറിച്ചാണോർത്തത്. നിഴലുകളും,നിറങ്ങളും പതിയെ അകന്നു മറയുന്ന ആ ബാംഗ്ഗ്ലൂർ രാത്രിയിൽ അവർക്കിടയിൽ പ്രണയം മറ്റൊരു നിറമായി അലിയുന്നതായി തോന്നി….

വാക്കു തെറ്റിച്ച് റൂമിൽ വൈകി ചെന്ന എന്നോട് അന്ന് സൌഹ്രുദത്തിന്റെ സകല സ്വാതന്ത്ര്യവുമായി ഖാദിർ ദേഷ്യപെട്ടു..

എന്തിനാ ഇപ്പോൾ കയറി വന്നത്, നിനക്ക് കുറച്ച് കൂടെ കഴിഞ്ഞ് വന്നാൽ പോരായിരുന്നോ..“

ടിവിയിൽ ഇഷ്ട നടനായ ഷാരൂഖിന്റെ ഏതോ സിനിമയിൽ ലയിച്ചിരുന്ന ഖാദിർ പിന്നെ പറഞ്ഞു..

“By the way, dude.. you again missed a wonderful love story”

ഞാൻ പ്രതികരിച്ചു..

“Not this time yar, accidentally I met the climax of a beautiful romantic comedy today”

കുറച്ച് നേരത്തേക്ക് എന്റെ മുഖത്തേയ്ക്ക് തന്നെ നോക്കിയ ഖാദിർ വീണ്ടും ടിവിയിലെ ഷാരൂഖിന്റെയും,അനുഷകയുടെയും ലോകത്തേക്ക് തന്നെ മടങ്ങി

Thursday, September 2, 2010

..ഓർമ്മയിൽ ഒടുങ്ങുന്ന ഞാവൽ മരങ്ങൾ..

ദൃശ്യങ്ങളും ശബ്ദങ്ങളുമായി മാത്രം മനസ്സിൽ ഇന്നും തങ്ങി നിൽക്കുന്ന ഗ്രാമത്തിലേക്ക് ബൈക്കോടിക്കവെ റഷീദ് പറഞ്ഞു..
എടാ ഇവിടം ഒരുപാടു മാറി..ഇപ്പോൾ നിനക്കറിയുന്ന ആരെങ്കിലും ഇവിടെ ഉണ്ടോ എന്ന് സംശയമാണ്“.
നാട്ടിൻപുറത്തെ പതിയെ പതിയെ ഗ്രസിച്ചു തുടങ്ങുന്ന നഗരത്തിന്റെ ആർഭാടങ്ങളിലേക്ക്,കോൺക്രീറ്റ് കെട്ടിടങ്ങളിലേക്ക് നോക്കിയിരിക്കെ അവൻ വീണ്ടും സംസാരിച്ചു..
പണ്ട് ഇവിടം വരെയായിരുന്നു..ചെമ്മണു വിരിച്ചിരുന്നത്..ഇവിടന്നങ്ങോട്ട് വരമ്പായിരുന്നു..നമ്മൾ കളിച്ചിരുന്ന ഞാവൽക്കാടും,ഒറ്റ പനയും ഒന്നും ഇന്നില്ല..അവിടെയൊക്കെ വീടു വന്നു“…


മഴ തകർത്തു പെയ്തിരുന്ന ചില സന്ധ്യകളിൽ ഞാവൽ മരം കാത്തിരിക്കുമായിരുന്നു,മഴ തോരുമ്പോൾ സ്വയം പെയ്തു തുടങ്ങാനായി….ഞാവൽ പഴങ്ങളും, അവസാനിക്കാത്ത ജല കണങ്ങളുമായി മരം പിന്നെ മറ്റൊരു മഴയാകും..

ചുണ്ടും നാക്കും കറുപ്പിച്ചിരുന്ന ഞാവൽ പഴങ്ങൾ തേടി അന്നത്തെ കൂട്ടുകാരുടെ കാൽചുവടുകൾക്കു പിന്നാലെ അലസമായി അലഞ്ഞത് ഓർത്തു പോയി..

Rhythm is originally the rhythm of the feet” എന്ന് എലിയാസ് കാനെറ്റി ആൾക്കൂട്ടത്തിന്റെ താളത്തെ കുറിച്ച് പറഞ്ഞത് വായിക്കുമ്പോൾ ആദ്യം ഓർത്തു പോയതു ഈ ഞാവൽ മരത്തെ കുറിച്ചാണ്..
നിഷ്കളങ്കമായ പാദ മുദ്രകൾ ഞാവൽ മരത്തെ എത്ര തവണ വലം വെച്ചിരിക്കണം.. .ഒരിടത്ത് ആരംഭിച്ച് അവിടെ തന്നെ അവസാനിക്കുന്ന നിരർത്ഥകമായ ഹ്രസ്വ യാത്രകൾ…
എല്ലാ യാത്രകളും മടങ്ങി വരാൻ വേണ്ടിയായിരുന്നുവെന്ന് അന്ന് പഠിക്കുകയായിരുന്നോ?

പണ്ട് വരമ്പ് തിരിഞ്ഞ് ഇടവഴിയിലേക്ക് കടന്നിരുന്ന സ്ഥലത്ത് നിന്നിരുന്ന പരിചിതമായിരുന്ന വീടും തൊടിയും രൂപം മാറിയിരിക്കുന്നു..
എന്റെ അത്ഭുതം കണ്ടാവണം റഷീദ് പറഞ്ഞു..
എടാ ഇവിടെയായിരുന്നു നമ്മുടെ പാക്കരേട്ടന്റെ വീട്

പാക്കരേട്ടന്റെ വീട് കഴിഞ്ഞ കൊല്ലാ പൊളിച്ചത്..ഇപ്പോ ഇവിടെ പുതിയ ആളുകളാ..

പാക്കരേട്ടൻ എന്ന “ഭാസ്കരൻ” ആ ഗ്രാമത്തിലെ ആദ്യ കാല ബിരുദധാരികളിലൊരാളായിരുന്നു.ഗണിത ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ പാക്കരേട്ടൻ എവിടെയോ ഉയർന്ന ജോലിക്ക് ചേർന്നുവത്രെ..പരിക്ഷ്ക്കാരിയായ പാക്കരേട്ടൻ നടന്നു പോകുന്നത് അന്ന് കണ്മഷി പുരണ്ട ചില കണ്ണുകൾ നിശബ്ദമായ പ്രണയത്തോടെയും,മറ്റ് ചിലവ അസൂയയോടെയും,ഇനിയും ചിലത് ആദരവോടെയും നോക്കി നിന്നിരുന്നു..

പക്ഷെ ഒരു ദിനം പാക്കരേട്ടൻ എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ട് മടങ്ങി വന്നു.പിന്നെ ദിവസങ്ങളോളം വീടിനു പുറത്തിറങ്ങിയില്ല..
ഗ്രാമം പല കഥ പറഞ്ഞു..
ആവൂ… നമ്മടെ ഭാസ്ക്കരനെ കമ്പനിയിലെ ആരോ പറ്റിച്ചൂത്രെ..അതിന്റെ വിഷമാ”
“ഏയ് ഇതതൊന്ന്വല്ല ഏടത്ത്യേ…ഭഗവതിക്ക് ചിലതൊന്നും അങ്ങട് പിടിച്ചിട്ടില്ലാ.. ഞാൻ അന്നേ പറഞ്ഞില്ല്യെ?..”
“ഭാസ്ക്കരേട്ടൻ സ്നേഹിച്ച പെണ്ണ് അയാളെ ചതിച്ചുന്നാ കേട്ടത്”.
.
എന്തായാലും പാക്കരേട്ടൻ നഷ്ടപ്പെടാൻ മാത്രമായി ആരെയോ തീവ്രമായി പ്രണയിച്ചിരുന്നുവെന്ന് പിന്നീട് അറിഞ്ഞിരുന്നു

എന്തായാലും പാക്കരേട്ടന്റെ ജീവിതത്തിന്റെ കണക്കുകൾ അവിടന്നങ്ങോട്ട് ആകെ തെറ്റുകയായിരുന്നു..ഗുണനം തെറ്റിയ ക്രിയ പോലെ പാക്കരേട്ടൻ ഗ്രാമത്തിലൂടെ നടന്നു.തനിക്ക് മാത്രമറിയുന്ന ഗണിത സൂത്രവാക്യങ്ങളുമായി മരങ്ങൾക്കും,കുള കടവിലെ അലക്ക് കല്ലുകൾക്കും അറിവു പകർന്ന് കൊടുത്തു..ചിലപ്പോൾ വരുന്ന സിനിമാ നോട്ടിസുകൾക്ക് പിന്നാലെ പോയി…
ഇടയ്ക്ക് പാട്ടുകൾ പാടി ഇടവഴികളിലൂടെ നടന്നു.. ഇലക്ട്രിക് ഫാനിന്റെ ശബ്ദം ഇല്ലാതിരുന്ന അന്നത്തെ രാത്രികളിൽ പാക്കരേട്ടൻ പാടി പോകുന്നത് കേൾക്കാമായിരുന്നു..
“ഓമലാളെ കണ്ടു ഞാൻ പൂങ്കിനാവിൽ….
മറ്റ് ചിലപ്പോൾ ..”വാ വെണ്ണിലാ.. ഉന്നെ താനെ വാനം തേടിതു…”
രാത്രി ഭക്ഷണം കഴിക്കാതെ വാശി പിടിച്ചിരുന്ന കുട്ടികളോട് അമ്മമാർ പറഞ്ഞു..
മോനെ പാക്കരേട്ടൻ വരാറായി…കഴിച്ചിട്ട് പെട്ടെന്ന് ഉറങ്ങിക്കോ”.

കുറച്ച് മുതിർന്നപ്പോൾ പാക്കരേട്ടൻ വെറും പാവമാണെന്നും ആരെയും ഉപദ്രവിക്കില്ലെന്നും മനസ്സിലായി..രാത്രികളിൽ പാക്കരേട്ടന്റെ പാട്ട് കേൾക്കാനയി ഞാൻ ജനലഴികളിൽ മുഖം അമർത്തി നിൽക്കും.
ഒരു ദിനം അമ്മയുടെ കൈയും പിടിച്ച് സ്ക്കൂളിൽ നിന്ന് വീട്ടിലേക്ക് നടക്കവെ അമ്മ വാങ്ങി തന്ന ബിസ്കറ്റിന്റെ സന്തോഷത്തിൽ .. അദൃശ്യയായ എതോ അജ്ഞാത കാമുകിയോട് ഞാനും വെറുതെ പാടി.. “നീ കൂടെ പോരുന്നോ.. നീല മല പൂങ്കുയിലെ..”
ഒരു തരത്തിലും ഞാൻ കേൾക്കാൻ ഇടയില്ലാത്ത പാട്ട് പാടുന്നതു കേട്ട് അമ്മ അമ്പരന്നു..
എടാ……. നിനക്ക് ഈ പാട്ടൊക്കെ എവിടുന്ന് കിട്ടി………?”
“പാക്കരേത്തൻ ഇന്നലെ പാടി പോയതാ അമ്മേ”
“പാവം,ഓരോ മനുഷ്യരുടെ നിയോഗം!!!”

അമ്മയുടെ മുഖഭാവത്തിൽ നിന്നോ,വാക്കുകളിൽ നിന്നോ അന്നത്തെ അഞ്ച് വയസ്സുകാരന് ഒന്നും മനസ്സിലായില്ല.

പിന്നെ കൂറച്ച് കാലം പാക്കരേട്ടൻ എന്റെ പ്രായത്തിലുള്ളവരുടെ ചങ്ങാതിയായി..അതെന്നും അങ്ങനെയായിരുന്നു..
ആദ്യം പാക്കരേട്ടനെ പേടിച്ച് രാത്രി കരച്ചിൽ നിറുത്തിയവരെല്ലാം തന്നെ പിന്നെ പാക്കരേട്ടനോടൊപ്പം കളിക്കാൻ കൂടും..പിന്നെ അവർ മുതിരുമ്പോൾ വിട്ട് പോകുന്നു…ചിലർ വിഷാദത്തോടെ അല്പ നേരം നോക്കി നിൽക്കും..
പാക്കരേട്ടൻ അപ്പോഴേക്കും തന്റെ പുതിയ കൂട്ടുകാരുമായി പമ്പരം കറക്കാൻ പോയിട്ടുണ്ടാകും…

ഒരിക്കലും കൂടു പറ്റാൻ കഴിയാതിരുന്ന ഒരു കിളിയെ കുറിച്ച് ഇതിഹാസ കഥനത്തിന്റെ ഇതളുകളിൽ ഞാൻ വായിക്കുന്നത് ഒരു കാലത്തിനിപ്പുറമാണ്(*)

റഷീദിന്റെ ശബ്ദം എന്നെ ഉണർത്തി..
വീട്ടുകാർ വീടു വിറ്റ് താമസം മാറി പോയിട്ടും പാക്കരേട്ടൻ പോയില്ല..അവസാനം വീടു പൊളിഞ്ഞ് വീണ ദിവസം ഇവിടെ വന്ന് കുറെ നോക്കി നിന്നത്രേ…പിന്നെ ആരും ഇവിടെ കണ്ടിട്ടൂലാ“

ഞാൻ ഞാവൽ മരങ്ങൾ നിന്നിരുന്ന ഇടത്തേയ്ക്ക് വെറുതെ നോക്കി നിന്നു..

ഞാവൽക്കാടുകളെ നനച്ച് മഴ തുടങ്ങിയ ഒരു ദിനമാണ്.. ഞങ്ങൾ ആ ഗ്രാമം വിട്ട് പോകുന്നത്..നാട്ടിൻ പുറത്തിന്റെ ഓർമ്മകളിൽ നിന്നും നഗരത്തിന്റെ നാട്യങ്ങളിലേക്ക് അതെന്നെ പറിച്ച് നട്ടു.ഒരു മനുഷ്യനു കിട്ടാവുന്നതിൽ ഏറ്റവും നല്ല മുഖം മൂടി അവന്റെ മുഖം തന്നെയാണ് എന്ന് നഗരം പഠിപ്പിച്ചു.. മതിലുകളിൽ നിന്ന് ഉൾമതിലുകളിലേക്ക് വളരുന്ന സ്വയം സൃഷ്ടിച്ചെടുത്ത തടവറകളിലൊന്നിൽ ഒതുങ്ങുമ്പോൾ ഓർക്കാൻ ഒരു ഭൂതകാലം ഉണ്ടെന്ന് മാത്രം ഗ്രാമം ഓർമ്മിപ്പിച്ചിരുന്നു.. ഒരുപാടു നാളുകൾക്കപ്പുറം കടന്നു ചെല്ലുമ്പോൾ ഏതൊക്കെയോ മുഖങ്ങളെയും… ഭാവങ്ങളെയും അപഹരിച്ച് കാലം കടന്നു പോകുന്നതറിയുന്നു..

വീണ്ടും ആരെയൊക്കെയോ കുറിച്ച് ചോദിക്കണം എന്നുണ്ടായിരുന്നു..പക്ഷെ ഒന്നും ചോദിക്കാൻ തോന്നിയില്ല..ഓർമ്മകളിലെങ്കിലും ഈ ഗ്രാമം പഴയതു പോലെ നിന്നു കൊള്ളട്ടെ…
റഷീദെ നമ്മുക്ക് തിരിച്ച് പോകാം…നീ വണ്ടി എടുക്ക്…“

മാഞ്ഞു തുടങ്ങുന്ന ഭൂതകാലത്തിന്റെ കാല്പാടുകൾ വെറുതെ തിരയുന്ന മനുഷ്യന്റെ മുഖത്ത് നോക്കി റഷീദ് ചിരിച്ചു…


* ഖസാക്കിന്റെ ഇതിഹാസം

Sunday, August 1, 2010

മതിലുകൾ പണിയുന്നവർ

““ഗുരുവായൂരമ്പല നടയിൽ ഒരു ദിവസം ഞാൻ പോകും

ഗോപുര വാതിൽ തുറക്കും,ഞാൻ ഗോപ കുമാരനെ കാണും

ചാറ്റൽ മഴയുടെ താളം പതിയെ,പതിയെ മാഞ്ഞ് പോകുന്ന ഒരു ബസ്സു യാത്രയിൽ തീർത്തും യാദ്രശ്ശ്ചികമായാണ് ഈ പാട്ട് കേട്ടത്.ബസ്സ് ജനാലയുടെ വിദൂര ചിത്രങ്ങളിൽ അകന്ന് മറയുന്ന പാലക്കാടൻ കരിമ്പനകൾ ഈ പാട്ടിനൊപ്പം മറ്റെന്തോക്കെയോ ചിന്തിക്കാൻ പ്രേരിപ്പിച്ചു.

ആകാശവും,ഭൂമികയും കാതോർത്ത് നിൽക്കുന്ന ഗന്ധർവ്വ ഗായകന്റെ വിമ്മോഹനമായ ശബ്ദത്തിൽ ഈ ഗാനം ഒഴുകിയെത്തിയിട്ട് കാലം ഏറെയാവുന്നു.അതിനു ശേഷം ഗോപുര വാതിലുകൾ പലവട്ടം തുറന്നടഞ്ഞു..ദേവ സന്നിധിയിൽ പ്രശസ്തരും അപ്രശ്തരുമായ ഒരു പാടു മനുഷ്യർ വന്ന് മടങ്ങി പോയി.പക്ഷെ വിചിത്രം,. മലയാളിയുടെ ഇതു വരെയുള്ള ഓർമ്മകളെയും കാഴ്ചകളെയും ഏഴു സ്വരങ്ങളുടെ മായികമായ ഒരു നൂലിഴയിൽ കോർത്തെടുത്ത ഗായകനു മുന്നിൽ വാതിലുകൾ അടഞ്ഞു തന്നെ കിടക്കുന്നു.

ദശാബ്ദങ്ങളായി യേശുദാസിന്റെ ശബ്ദമത്രെ പല നിറങ്ങളുള്ള ദേവകളെയും വിളിച്ച് ഉണർത്തുന്നത്,പാതിരാവിന്റെ ഹ്രസ്വ നിദ്രകളിലേക്ക് അവർ യാത്രയാവുന്നതും ഈ സ്വരമാധുരിയിലാണ്.പക്ഷെ ദൈവങ്ങളെ എന്നെന്നേയ്ക്കുമായി സ്വന്തമാക്കാനിറങ്ങിയ ചിലർ എപ്പോഴോ മതിലുകളും വാതിലുകളും പണിത് തുടങ്ങിയിരിക്കുന്നു.മതിൽക്കെട്ടിന്നകത്തു നിന്ന് ആരും പുറത്തിറങ്ങാതെ ആരും അകത്ത് കയറാതെ അവർ സ്വയം കാവൽക്കാരുമായി മാറുന്നു. ഇപ്പോൾ അവർ ശ്രമിക്കുന്നത് വെളിച്ചത്തിന്റെ അവസാനത്തെ ജാലകങ്ങളും അടച്ചിടുവാനാണ്.

ഇവിടെ തന്നെ കാണുവാൻ വന്ന മനുഷ്യസ്നേഹികളായ പ്രജകളെ കാണാതെ ദേവനും ദു:ഖിക്കുന്നുണ്ടാകം.പക്ഷെ എന്തു ചെയ്യാം .. നമ്മുക്കിഷ്ടം എപ്പോഴും മതിലുകളും വാതിലുകളും പണിതു കൊണ്ടിരിക്കാനാണ്.

വാതിലുകളില്ലാത്ത ഒരിടത്ത് “നീ എന്നെ ഗായകനാക്കിയെന്ന് “ മാനവികതയുടെ ജീവിക്കുന്ന പ്രതീകമായ ഗായകൻ ഏറ്റ് പാടുന്നു.മനുഷ്യ നിർമ്മിതമായ മതിലുകളെ മറികടന്ന് ദേവൻ പ്രപഞ്ച സ്നേഹത്തിന്റെ വേണുഗാനവുമായി ആരുമറിയാതെ സദസ്സിനു മുൻനിരയിൽ ചെന്നിരിക്കുന്നു.ഗന്ധർവ ഗായകനെയും ദേവനെയും ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത നമ്മൾ അവർക്കിടയിൽ മതിലുകൾ പണിതു കൊണ്ടിരിക്കുന്നു.ഒരിക്കലും അവസാനിക്കാത്ത അർഥശൂന്യമായ മതിൽക്കെട്ടുകൾ............

Saturday, June 12, 2010

..വിവ അർജ്ന്റീന........

മൂന്ന് കൊല്ലം മുൻപ് ഇന്റെർ നെറ്റിലെ ഒരു ഓപ്പൺ സോഴ്സ് സോഫ് റ്റ് വെയർ ഫോറത്തിൽ വെച്ചാണ് വെച്ചാണ് മരിയ എന്ന പാതി ബ്രസീലുകാരിയായ ഓസ്ത്രേലിയൻ യൂണിവേഴ്സിറ്റി ഗവേഷകയെ പരിചയപ്പെടുന്നത്.കമ്പ്യൂട്ടര്‍ സയൻസിനെയും ,പ്രോഗ്രാമിങ്ങിനെയും,ലിനക്സിനെയും കുറിച്ച് ചാറ്റ് ചെയ്ത് തുടങ്ങിയ മരിയ ഇന്ത്യക്കാ‍രൻ ആണെന്ന് പറഞ്ഞ ഉടൻ ബുദ്ധനെയും ഓഷോയെയും കുറിച്ചാണു ചോദിച്ചത് .
ചാറ്റിങ്ങിനിടയിൽ റിച്ചാർഡ് സ്റ്റാൾ മാനിൽ നിന്ന് പുസ്തകങ്ങളിലേക്കും ലാറ്റിനമേരിക്കൻ സാഹിത്യത്തിലേക്കും രാഷ്ട്രിയത്തിലേക്കും ഒക്കെ അവർ സുന്ദരമായി കയറി ഇറങ്ങി...മാർക്കേസിന്റെ പുസ്തകങ്ങളെ കുറിച്ച് അനായാസം സംസാരിച്ച അവർ നമ്മുക്കൊന്നും ഈ ലോകത്തെ കുറിച്ച് ഒന്നും അറിയില്ല എന്ന് മനസ്സിലാക്കി തന്നു.ഇതിനിടയിൽ എപ്പൊഴോ ഞങ്ങൾക്കിടയിൽ ഫുട്ബോൾ എന്ന വിഷയം കടന്ന് വന്നു.ഫുട്ബോളിനെ കുറിച്ച് ഒരു ലാറ്റിനമേരിക്കക്കാരിയോട് സംസാരിക്കാൻ അവസരം കിട്ടിയതിൽ ഞാൻ ത്രില്ലടിച്ചു.

ഫുട്ബാളിനെ കൂറിച്ച് ആവേശത്തോടെ സംസാരിച്ച് തുടങ്ങിയ മരിയ ,എന്നോട് കുറച്ച് നേരം വാദിക്കുകയും,പിന്നെ തർക്കിക്കകയും,തുടർന്ന് പിണങ്ങി പോവുകയും ചെയ്തു.

യാദ്രശ്ചികമാവണം .. കോപ്പ അമേരിക്കയിൽ അന്ന് രാത്രി ബ്രസീൽ - അർജന്റീന ഫൈനൽ.ഫുട്ബോളിനോട് വിട പറഞ്ഞ് പോയ അർജ്ന്റീനിയൻ മിഡ് ഫീൽഡർ യുവാൻ കാർലോസ് റിക്വൽമി കളിക്കളത്തിന്റെ മാജിക്കൽ റിയലിസത്തിലേക്ക് മായികമായി മടങ്ങി വന്ന സമയം. റിക്വൽമി അലസ താളം കൊണ്ടു രചിക്കുന ഫുട്ബോൾ സിംഫണികളെ മനസ്സിൽ കൊണ്ട് നടന്നിരുന്ന ഞാൻ അർജന്റീനയ്ക്ക് വേണ്ടി വാദിക്കുന്നു..സാംബാ താളത്തിന്റെ കരുത്തും വന്യതയുംവാക്കുകളിൽ ആവാഹിച്ച് മരിയ തിരിച്ചടിച്ചു

“ഫുട്ബോളിനെ കുറിച്ച് നിനക്ക് എന്തറിയാം?”
ഫുട്ബാൾ വെറും ഒരു പന്ത്കളി മാത്രമല്ലാതിരുന്ന ബ്രസീലിയൻ വംശജ ആണു അപ്പുറത്തെന്ന് ഞാൻ ഓർക്കേണ്ടതായിരുന്നു. അവളുടെ ഫുട്ബോൾ പരിജ്ഞാനത്തിനു മുന്നിൽ ഞാൻ വാക്കുകൾ ഇല്ലാതെ ഓരോ തവണയും പതറി.
ഏറെക്കുറെ നിരായുധനായി നിന്ന എന്നോട് മരിയ നേരിയ പരിഹാസത്തോടെ ചോദിക്കുന്നു..
“ഇനി നിനക്കെന്താണ് നാളത്തെ കളിയെ കുറിച്ച് പറയാനുള്ളത്”?”
(Now tell me,what can you talk about tomorrow’s game?)

അല്പ നേരം ആലോചിച്ച് ഞാൻ കീ ബോർഡിൽ പതിയെ ടയിപ്പ് ചെയ്തു.
“വിവാ അർജന്റീന”
… “ഒകെ ബൈ ..സീ യു എഗയിൻ“ എന്ന ദേഷ്യം കലർന്ന് ഉപചാര വാക്കുകളുമായി അവൾ ചാറ്റ് ലിസ്റ്റിൽ നിന്ന് മറഞ്ഞു.
……………………………………………………………………………………………………..
മനുഷ്യൻ ചരിത്ര പരിണാമത്തിന്റെ ദശകങ്ങളിൽ എന്നു മുതലാണു ഈ കാൽ പന്തു കളിയെ പ്രണയിക്കാൻ തുടങ്ങിയത്… അറിഞ്ഞു കൂട… പക്ഷെ ഒന്നറിയാം…
ഫുട്ബോൾ പലപ്പോഴും ജീവിതത്തിന്റെ കാല്പനിക കാവ്യമാണ്….ഉദയവും അസ്തമയവും,സമരവും വിപ്ലവവും,..വിജയവും..അതിലേറെ പരാജയങ്ങളും അടങ്ങിയ. ആരും എഴുതി തീരാത്ത ഒരു ജീവിത നാടകം..
ജീവിതം നമ്മളെ ഒരിക്കലും മടുപ്പിക്കുന്നില്ല തന്നെ..കാരണം അത് ഒരിക്കല്ലും പ്രതീക്ഷിക്കാത്ത എന്തൊക്കെയോ നമ്മുക്ക് വേണ്ടി എപ്പോഴും കരുതി വെക്കുന്നു….ഫുട്ബോൾ ജീവിതം എഴുതുന്ന മൈതാനങ്ങളിൽ ഏറെക്കുറെ അത് തന്നെ ചെയ്യുന്നു.തൊണൂറ് മിനുട്ടുകളിൽ അത് ആരും പ്രതീക്ഷിക്കാത്ത എന്തൊക്കെയോ നമ്മുക്ക് കാ‍ഴ്ച വെക്കുന്നു…

GOAL“ എന്ന സോക്കർ സിനിമയിൽ തനിക്ക് കിട്ടിയ ഏക അവസരം ഉപയോഗിക്കാൻ കഴിയാതെ പോയ സാന്റിയാഗോ മുനെസ്സ് എന്ന മെക്സിക്കൻ ഫുട്ബോൾ കളിക്കാരൻ “ഞാൻ നാളെ നന്നായി ശ്രമിക്കാം“ എന്ന് പറയുമ്പോൾ അദ്ദേഹത്തിന്റെ അഭ്യുദയകാംക്ഷിയും, സഹായിയുമായ ഗ്ലെന്‍ ഫോയ് എന്ന കഥാപാത്രം “പക്ഷെ നാളെകളില്ലല്ലോ ..സാന്റിയാഗോ..” എന്ന് പ്രതിവചിക്കുന്നുണ്ട്.

അതെ ഫുട്ബോൾ വിജയിക്കാൻ മാത്രം വിധിക്കപ്പെട്ടവന്റെ കഥയാണ്..അവിടെ തോൽവി എന്നാൽ നാളെകളുടെ എന്നെന്നേയ്ക്കുമായുള്ള നഷ്ടമാണ്….

മാറക്കാനയില്‍ ബ്രസീലിനു കപ്പ് നഷ്ടപെടുത്തിയവരോട് 50 വര്‍ഷങ്ങള്‍ക്കിപ്പുറവും ബ്രസീലുകാരന്‍ ക്ഷമിച്ചിട്ടില്ല.ബാര്‍ബോസ എന്ന ബ്രസീലിയന്‍ ഗോളി,ഒരേ സമയം വെറുക്കപ്പെട്ടവനും,രാജ്യത്തെ ഒറ്റു കൊടുക്കപ്പെട്ടവനുമായി മാറി.

ഫുട്ബോള്‍ കളിക്കാരന്‍ എപ്പോഴും റഫറിയുടെ രണ്ട് ലോങ് വിസിലുകള്‍ക്കിടയില്‍ ചലിക്കാന്‍ മാത്രം വിധിക്കപെട്ടവനാകുന്നു..

അവർക്ക് പോലും അറിയാത്ത നിമിഷങ്ങളിൽ റഫറിയുടെ വിസിലിന്റെ നീണ്ട ചൂളം വിളിയാൽ ഒറ്റു കൊടുക്കപ്പെട്ട് ഒരേ സമയം ആക്രമിക്കാനും പ്രധിരോധിക്കാനും വിധിക്കപ്പെടുന്നവർ.

ലാറ്റിനമേരിക്കയുടെ അറിയാത്ത മൈതാനങ്ങളിൽ എവിടെയോ..റിക്കി മാർട്ടിൻ കാട്ടു കുതിരകളുടെ കരുത്തിനെ അഴിച്ച് വിടുന്നു.
ജീവിതത്തിന്റെ മധ്യനിരകളിൽ നിയതിയുടെ നിയമങ്ങളെ ധിക്കരിച്ച് റൊണാൾഡിന്യോയും,സിദാനും സ്വപ്നങ്ങൾ കാണുന്നു
.ക്രുത്യതയുടെ യാന്ത്രികമായ സൂത്രവാക്യങ്ങളെ മാത്രം ധ്യാനിച്ച് പെലെയും,ബാ‍ജിയൊയും,റൊണാൾഡോയും ലക്ഷ്യത്തിലേക്ക് കൂതിക്കുന്നു.

ജീവിതവും ലക്ഷ്യവും..മറന്ന് ഗാരിഞ്ചയും,ഗാസ്കൊയിനും,വാൾഡ്രാമയും..ഉന്മാദ ചിത്രങ്ങൾ വരയ്ക്കുന്നു..

ഗോൾ പോസ്റ്റിന്റെ ഏകാന്തതയെ മാത്രം പ്രണയിക്കാൻ വിധിക്കപ്പെട്ട് ..അനിശ്ചിതത്തിന്റെ ഈ നാടകത്തിനു തിരശ്ശീല വീഴാൻ പ്രാർത്ഥിക്കുന്ന കാമ്പസും,ബാർത്തേസും,ബഫണും..അവർക്കിടയിൽ നിന്ന് കഥയിലെ എഴുതാത്ത കഥാ പാത്രങ്ങളെ പോലെ പ്രലോഭനങ്ങളെ അതിജീവിക്കാൻ കഴിയാത്ത ഇയ്യാം പാറ്റകളായി ഇറങ്ങി ചെല്ലുന്ന ഹിഗ്ഗിറ്റയും ചിലാവർട്ടും…

കറുപ്പിന്റെ ഏഴഴകുമായി വന്ന് പട്ടിണി മുട്ടി വിളിച്ച പ്രഭാതങ്ങളുടെ കഥ പറഞ്ഞ് മടങ്ങി പോകുന്ന റോജർമില്ലയും,ഡ്രോഗ്ബയും,എറ്റുവും…

ഞങ്ങൾ ഇവിടെ ഉണ്ടെന്ന് മാത്രം വിളിച്ച് പറഞ്ഞ് മടങ്ങുന്ന ഹാൻ സുങ് ഹാൻ..

കളി തീരും മുൻപെ വിധിയുടെ ചുവപ്പ് കാർഡുകൾ ഏറ്റ് വാങ്ങി വിവിധ ദിശകളിലേക്ക് നടന്ന് മറഞ്ഞ എസ്കോബാറും, നമ്മുടെ സത്യനും.

ഹ്രദ്രോഗത്തിനും മരണത്തിനും ഇടയിലൂടെ പ്രത്യാശയുടെ ആകാശങ്ങളിലേക്ക് ജീവിതത്തിന്റെ പന്ത് കാൽചുവടുകളിൽ തളച്ചിട്ട് മടങ്ങി വന്ന കാനു.

ദൈവത്തിന്റെ വാക്കുകളെ നിഷേധിച്ച് ഫുട്ബാളിന്റെ പ്രവാചകരായി..മൈതാനങ്ങളിൽ നിന്ന് മൈതാനങ്ങളിലേക്ക് ഉയിർത്തെഴുന്നേൽക്കുകയും,അതിനു പുറത്ത് ക്രൂശിക്കപ്പേടുകയും ചെയ്ത മാറഡോണയും,ജോർജ്ജ് ബെസ്റ്റും..

അതെ ഇത് ജീവിതത്തിന്റെ നിറങ്ങളെല്ലാം ചേർന്ന ഒരു മഴവില്ലാണ്…ഷെക്സ്പിയർ എഴുതി തീർക്കാൻ മറന്ന് പോയ പ്രണയാതുരമായ ഒരു ദുരന്ത നാടകം.ഒരോ തവണ നഷ്ടപെടുമ്പോഴും കൂടുതല്‍ കൂടുതല്‍ ഈ കളിയെ പ്രണയിക്കാന്‍ മാത്രമെ നമ്മുക്ക് കഴിയാറുള്ളു..
എല്ലാ റൊമാന്റിക് ട്രാജഡികളും എഴുതപെട്ടത് അതിനു വേണ്ടി തന്നെ ആവണം..
………………………………………………………………………………………………………………---------------------

തിരിച്ച് മരിയയിലേക്കും കോപ്പ അമേരിക്കയിലേക്കും….
അതു വരെ തകർത്ത് കളിച്ചിരുന്ന അർജന്റീനയെയും റിക്വൽമിയെയും അന്നു രാത്രി നിശബ്ദരാക്കി ബ്രസീലിയൻ യുവ നിര കപ്പ് നേടുന്നു.

പിറ്റേന്ന് രാവിലെ എന്റെ മെയിൽ ബോക്സിൽ ഒരു അപരിചിത സന്ദേശം കാത്ത് കിടന്നിരുന്നു. ആവെ മരിയ എന്ന ഇമെയിൽ ഐഡിയിൽ നിന്ന് വന്ന അതിൽ ഇങ്ങനെ കുറിച്ചിരുന്നു. .ഒരു ബ്രസീലിയൻ ജഴ്സിയുടെ ചിത്രവും…

Beware, my friend….
For us It’s all in the name FOOTBALL,
For us it’s all in the game FOOTBALL “... Mariya


ഫുട്ബോൾ എല്ലാമാണെന്ന് വിളിച്ച് പറയുന്ന ലാറ്റിനമേരിക്കയുടെ വികാരമാവണം ആ വാക്കുകൾ..

ഇനി ഈ ലോക കപ്പ് നമ്മുക്ക് എന്തൊക്കെയാവും കരുതി വെച്ചിരിക്കുക…..

സ്പെയിൻ കപ്പുമായി മടങ്ങുമെന്ന് കണക്കുകളും പണ്ഡിതരും പറയുന്നു.ഇത്തവണ സാംബാ ചുവടുകൾ പിഴയ്ക്കില്ലെന്ന് ബ്രസീലുകാർ ആണയിടുന്നു…

ഞാൻ പ്രതീക്ഷിക്കുന്നു.. മാറഡോണയും ,മെസിയും ഇത്തവണ ദാരിദ്രം ചവച്ച് തുപ്പിയ എതോ അർജ്ന്റീനിയൻ ചേരികളിലൊന്നിലേക്ക് ഈ കപ്പിന്റെ തിളക്കവുമായി വന്നിറങ്ങുമെന്ന് തന്നെ….

പഴയ ബ്രസീലിയൻ കൂട്ടുകാരിയെ പിന്നെ ഇന്റെർ നെറ്റിലോ ചാറ്റ് ലിസ്റ്റിലോ കണ്ട് മുട്ടിയിട്ടില്ല…ഒരു പക്ഷെ ഇനി ചാറ്റ് ചെയ്താലും അവർ എന്നോട് ചോദിക്കുക അത് തന്നെയാകും…
“Now tell me, what can you talk about tomorrow’s game?”

..റിക്വല്‍മി ഇല്ലെങ്കില്ലും അര്‍ജന്റീനയ്ക്ക് വേണ്ടി മെസ്സി ചമയ്ക്കുന്ന മഴവില്ലുകളെ സ്വപ്നം കണ്ട്.. ഞാൻ വീണ്ടും കീ ബോർഡിൽ വിരലുകൾ അമർത്തുന്നു..

“Viva ARGENTINA”